നാൽക്കാലി ശല്യം: പരിഹാരമായില്ല
Saturday 14 June 2025 1:22 AM IST
ആലുവ: തോട്ടക്കാട്ടുകരയിൽ റോഡിലേക്കും മണപ്പുറത്തേക്കുമെല്ലാം കെട്ടഴിച്ച് വിടുന്നതിനെ തുടർന്നുള്ള നാൽക്കാലി ശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ ജോൺസൺ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. നാൽക്കാലികൾ റോഡിൽ കൂട്ടം കൂടി നിൽക്കുന്നത് വഴിയാത്രക്കാരെ ഭയപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം നാൽക്കാലിയെ കണ്ട് ഓടിയ സ്കൂൾ വിദ്യാർത്ഥി വീണ് പരിക്കേറ്റിരുന്നു. വഴി നീളെ ചാണകവും ഗോമൂത്രവുമാണ്. ഉടമകൾ റോഡിലേക്കും മണപ്പുറത്തേക്കും അഴിച്ചുവിട്ട ശേഷം രാത്രിയാണ് തിരികെ കൊണ്ടുപോകുന്നത്. മണപ്പുറത്തെ ശിവക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരും ബുദ്ധിമുട്ടുകയാണ്. കാലികളുടെ ഉടമകൾക്കെതിരെ പിഴ ചുമത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.