ബ്ലഡ് മൊബൈൽ ബസുമായി അമൃത
Saturday 14 June 2025 12:21 AM IST
കൊച്ചി: അതിനൂതന സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസുമായി കൊച്ചി അമൃത ആശുപത്രി. 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താം. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷനും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി സംഭാവന ചെയ്തതാണ് ബസ്. ഇതിന്റെ ഉദ്ഘാടനം രക്തദാന ദിനമായ ജൂൺ 14ന് അമൃതയിൽ നടക്കും. ഒരു വർഷത്തിനിടെ നിരവധി തവണ രക്തദാനം ചെയ്ത സന്നദ്ധ രക്തദാതാക്കളെയും ബ്ലഡ് ഡോണർ സംഘടനകളെയും ചടങ്ങിൽ ആദരിക്കും.