യുവാക്കളിലെ ഹൃദയ സ്തംഭന മരണങ്ങൾ കൂടുന്നു; ഗവേഷണം വേണം: സ്പീക്കർ
കൊച്ചി. ഹൃദയ സ്തംഭനം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം അനുദിനം ക്രമാതീതമായി വർദ്ധിക്കുന്നത് സംബന്ധിച്ച് ആരോഗ്യമേഖല ഗൗരവമായ ഗവേഷണം നടത്തണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പറഞ്ഞു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആധുനിക രീതിയിൽ തയ്യാറാക്കിയ റേഡിയൽ ലോഞ്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റേഡിയൽ ലോഞ്ച് ' ഉദ്ഘാടനത്തോടനുബന്ധിച്ച് വരുന്ന മൂന്നു മാസം ഡേ കെയർ ആൻജിയോഗ്രാം സേവനം പതിനായിരം രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി ലൂയിസ് പറഞ്ഞു. ഹോസ്പിറ്റിൽ ഡയറക്ടർമാരായ ഡോ.പി.വി. തോമസ്, പി.വി സേവ്യർ എന്നിവർ സംസാരിച്ചു. ഡോ. രാജശേഖർ വർമ്മ, ഡോ. സജി വി. കുരുട്ടുകുളം, ഡോ.മനു ആർ. വർമ്മ, ഡോ.കെ.എസ്. ഗോപകുമാർ, ഡോ.അരുൺകുമാർ ഗോപാലകൃഷ്ണപിള്ള, ആശുപത്രിയിലെ മറ്റു ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി സൗത്ത് ബ്ലോക്കിലാണ് റേഡിയൽ ലോഞ്ച്.