ചോറ്റാനിക്കരയിലെ വെടിവഴിപാട് വെട്ടിപ്പ്: ദേവസ്വം ബോർഡ് വിശദീകരണം തേടി

Saturday 14 June 2025 1:31 AM IST

ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വെടിവഴിപാടിന്റെ മറവിൽ നടക്കുന്ന ബ്രഹ്മാണ്ഡ തട്ടിപ്പിനെക്കുറിച്ചുള്ള കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് ക്ഷേത്രം അസി. കമ്മിഷണറിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടി. ലൈസൻസി പ്രവീണിനെ തൃശൂരിലെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ക്ഷേത്രത്തിൽ ഇന്നലെയും അമിത നിരക്കിലാണ് വെടിവഴിപാട് നടന്നത്.

വെടിവഴിപാട് തട്ടിപ്പിനെയും അമിത നിരക്ക് ഈടാക്കുന്നതിനെയും കുറിച്ച് ഒരാഴ്ച മുമ്പ് ഭക്തൻ ദേവസ്വത്തിന് പരാതി നൽകിയിരുന്നു. ബോർഡിന്റെ വെടിവഴിപാട് നടക്കുന്ന ക്ഷേത്രങ്ങളിൽ കൊടുങ്ങല്ലൂർ ഒഴിച്ച് ബാക്കിയുള്ള എല്ലാ ക്ഷേത്രങ്ങളിലും കരാർ എൽ ത്രീ ലൈസൻസിയായ പ്രവീണിനാണ്. പല ക്ഷേത്രങ്ങളിലും വഴിപാട് നടത്തുന്നത് ബിനാമികളാണെന്ന് അറിയുന്നു.

വഴിപാടിന് ഇനങ്ങൾ വരെ!

ദേവസ്വം ബോർഡ് 15 രൂപ നി​ശ്ചയി​ച്ചി​ട്ടുള്ള വെടി​വഴി​മാടി​ന് ചോറ്റാനി​ക്കരയി​ൽ ഈടാക്കുന്നത് 40 രൂപ മുതലാണ്. കരാറുകാരന്റെ ബി​നാമി​യുടെ ഭാവനയ്ക്കനുസരി​ച്ച് പൂജ നടത്തും പോലെ പലവി​ധ പേരി​ട്ട് 1500 രൂപ വരെയുള്ള 11 ഇനം വേറെ വെടി​വഴി​പാടുകൾ ഇന്നലെയും മുടക്കമി​ല്ലാതെ നടന്നു. 51, 101 വെടി​വഴി​പാടുകൾ നടത്തുമ്പോൾ പകുതി​യും പൊട്ടി​ക്കാറി​ല്ലത്രെ.

ചോറ്റാനി​ക്കര ക്ഷേത്രം ഉപദേശക സമി​തി​ മുൻ അംഗവും പ്രാദേശി​ക ഇടതുനേതാവുമായ വ്യക്തി​യാണ് കരാറുകാരന്റെ പേരി​ൽ പണംമുടക്കി​ വെടി​വഴി​പാട് നടത്തുന്നതെന്നും ആരോപണമുയർന്നി​ട്ടുണ്ട്.