പദ്ധതിക്ക്  ഉടക്കിട്ട്  റെയിൽവേ: ശബരിപാത മൊത്തം  ഭൂമിയും ഒന്നിച്ച്  കൈമാറിയാലേ തുടങ്ങൂ, 2 ഘട്ടമായി നടപ്പാക്കണമെന്ന  കേരളത്തിന്റെ  ആവശ്യം  തള്ളി

Saturday 14 June 2025 1:54 AM IST

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല ആവശ്യമായ അങ്കമാലി-ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനിവൈഷ്‌ണവ് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയെങ്കി​ലും പുതി​യ ഉപാധിയുമായി റെയി​ൽവേ രംഗത്ത് എത്തി​. അങ്കമാലി മുതൽ എരുമേലി വരെ മുഴുവൻ ഭൂമിയും ഏറ്റെടുത്തു നൽകി​യാലേ നിർമ്മാണം ആരംഭിക്കൂ എന്നാണ് അറി​യി​ച്ചി​രി​ക്കുന്നത്.

ഒറ്റഘട്ടമായി നിർമ്മാണം പൂർത്തിയാക്കണമെന്നും ഭാഗികമായുള്ള കമ്മിഷനിംഗ് സാദ്ധ്യമല്ലെന്നും ദക്ഷിണ റെയിൽവേയുടെ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ (കൺസ്ട്രക്ഷൻ) ഗതാഗത സെക്രട്ടറിക്ക് ചൊവ്വാഴ്ച കത്ത് നൽകി​​. സർവേ നടത്തി​ കല്ലി​ട്ട അങ്കമാലി മുതൽ രാമപുരം വരെ ഒന്നാംഘട്ടമായി​ നടപ്പാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. രാമപുരം മുതൽ എരുമേലിവരെ രണ്ടാം ഘട്ടമായി​ പൂർത്തി​യാക്കാമെന്നും നി​ർദേശി​ച്ചി​രുന്നു. ഇത് പ്രകാരമായിരുന്നു ഏഴു കിലോമീറ്ററോളം നിർമ്മാണം അങ്കമാലി മുതൽ നടത്തിയത്. 2019ൽ പദ്ധതി മരവിപ്പിച്ചതിനാൽ മുന്നോട്ടുപോയില്ല.

റെയിൽവേ ഇതുവരെ മുടക്കിയ തുകയും ഭൂമിയേറ്റെടുക്കലിന് സംസ്ഥാനം മുടക്കുന്ന തുകയും ശബരിപാത നിർമ്മാണത്തിൽ റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും വിഹിതമായി​ കണക്കാക്കുമെന്നും ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുടെ കത്തിലുണ്ട്.

സംസ്ഥാനം മുടക്കുന്ന തുക വായ്പാ പരിധിയിൽ നിന്നൊഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അത് സാദ്ധ്യമല്ലെന്ന് മേയ് 29ന് റെയിൽവേ സർക്കാരിനെ അറി​യി​ച്ചി​രുന്നു. ഉപാധികൂടാതെ സമ്മതം നൽകണം.

നേരത്തേ പദ്ധതിയുടെ 50% നൽകണമെന്ന് നിർദ്ദേശിച്ചെങ്കിലും പദ്ധതി പൂർത്തിയാവുന്നതിനിടെ തവണകളായി നൽകിയാൽ മതിയാവുമായിരുന്നു.

204 ഹെക്ടർ വേണം

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 204ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എറണാകുളം മേഖലയി​ലെ 152ഹെക്ടറിൽ 24.4ഹെക്ടർ നേരത്തേ ഏറ്റെടുത്തിട്ടുണ്ട്.

ഇടുക്കിയിൽ ആവശ്യമായ ഭൂമിയും കോട്ടയത്ത് രാമപുരംവരെയും കല്ലിട്ട് തിരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, കാഞ്ഞി​രപ്പള്ളി​, എരുമേലി​ മേഖലയി​ൽ മാപ്പിംഗ് നടത്തി​യെങ്കി​ലും കല്ലി​ടലും പഠനങ്ങളും നടത്തണം.

₹3801കോടി

ശബരിപ്പാതയുടെ

നിർമ്മാണചെലവ്

1400 കോടി:

സ്ഥലം ഏറ്റെടുക്കാൻ

കേരളം മുടക്കേണ്ടത്

₹1900കോടി

സംസ്ഥാന സർക്കാർ

വഹി​ക്കേണ്ട മൊത്തം തുക

( സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ )