രഞ്ജിതയുടെ ഓർമ്മകളുമായി ഉറ്റവർ, ഒരുനോക്ക് കാണാൻ കാത്തിരിപ്പ്, സങ്കടവീട്

Saturday 14 June 2025 12:57 AM IST

പത്തനംതിട്ട : കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒരു നാടാകെ കാത്തിരിക്കുകയാണ് രഞ്ജിതയെ അവസാനമായി ഒരുനോക്ക് കാണാൻ. തങ്ങളുടെ പ്രിയപ്പെട്ടവൾ അങ്ങകലേക്ക് പറന്നകന്നുവെന്ന് ഇപ്പോഴും പലർക്കും വിശ്വസിക്കാനാകുന്നില്ല. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത ആർ.നായരുടെ പുല്ലാട് കുറങ്ങഴ കൊഞ്ഞോട് വീട്ടിലേക്ക് ഇന്നലെ നൂറുകണക്കിനാളുകളാണ് എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ദുരന്തം അറിഞ്ഞെത്തിയവരും നിറകണ്ണുകളോടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. രഞ്ജിതയെ കുറിച്ച് എല്ലാവർക്കും നല്ലതുമാത്രമേ പറയാനുള്ളൂ. പറക്കമുറ്റാത്ത രണ്ടുകുട്ടികളെ അമ്മയുടെ തണലിലാക്കി, കൂടുതൽ മെച്ചമായ ജീവിതസാഹചര്യം ലക്ഷ്യമിട്ടാണ് രഞ്ജിത വിദേശത്തേക്ക് പോയത്. വീ‌ട് പണി പൂർത്തിയായ ശേഷം നാട്ടിൽ മക്കൾക്കും അമ്മയ്ക്കും ഒപ്പം ജീവിക്കാനായിരുന്നു ആഗ്രഹം. രഞ്ജിത ഈ വിവരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സഫലമാകാതെ പോയ രഞ്ജിതയുടെ വാക്കുകൾ ഓർത്തെടുക്കുകയാണ് ഉറ്റവർ പലരും. പുല്ലാട് കുറങ്ങഴ കൊഞ്ഞോട് വീട്ടിൽ ഇന്നലെ ആശ്വാസവാക്കുകളുമായെത്തിയവർ കണ്ണീരടക്കാൻ പാടുപെടുന്നത് കാണാമായിരുന്നു. മകളെ നഷ്ടമായ അമ്മയുടെയും അമ്മയെ നഷ്ടമായ മക്കളുടെയും കണ്ണീരിന് മുന്നിൽ ജനപ്രതിനിധികൾക്കടക്കം വാക്കുകൾ മുറിഞ്ഞു.

ആശ്വാസവാക്കുകളുമായി നാട്

കോഴഞ്ചേരി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ആർ.നായരുടെ കുടുംബവീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രമുഖരുൾപ്പടെ നൂറുകണക്കിനാളുകൾ എത്തി. ആരോഗ്യമന്ത്രി വീണാജോർജ് വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് ജോസഫ് കതോലിക്കാ ബാവ ആശ്വാസവാക്കുകളുമായെത്തി. രാജ്യത്തെ നടുക്കിയ വിമാനാപകടത്തിൽ ഇരയായവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര മർത്തോമാ സഭാ അൽമായ ട്രസ്റ്റി അഡ്വ.അൻസിൽ സഖറിയാ കോമാട്ട് , ആന്റോ ആന്റണി.എം.പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ , കെ.യു.ജനീഷ് കുമാർ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ , ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ , എ.പത്മകുമാർ , മാലേത്ത് സരളാദേവി തുടങ്ങിയവരും രഞ്ജിതയുടെ വീട്ടിൽ എത്തിയിരുന്നു.