യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിൽ: മുഖ്യമന്ത്രി

Saturday 14 June 2025 1:07 AM IST

മലപ്പുറം: യു.ഡി.എഫ്-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ അകറ്റി നിറൂത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ട് എൽ.ഡി.എഫിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു

മുഖ്യമന്ത്രി.

ജമാ അത്തെ ഇസ്ലാമിയുടെ സ്വീകാര്യതക്കു വേണ്ടി അവർ പല തരത്തിലുള്ള നടപടികളും നേരത്തെ സ്വീകരിച്ചിട്ടുണ്ട്. അതിൽ കുടുങ്ങാൻ അവരെ അറിയുന്നവർ നിന്നുകൊടുക്കില്ല. നിൽക്കക്കള്ളിയില്ലാതെ എന്ത് നിലപാടും സ്വീകരിക്കുന്ന അവസ്ഥയിലാണ് യു.ഡി.എഫ്. എൽ.ഡി.എഫിനെ എതിർക്കുന്നവരുടെയെല്ലാം പിന്തുണ തേടുകയാണ് അവർ. ലീഗിന്റെ നേതൃത്വം അറിയാതെയാണ് ജമാ അത്തെ ഇസ്ലാമിയുമായി യു.ഡി.എഫ് കൂട്ടു കൂടിയതെന്ന് കരുതാൻ സാധിക്കില്ല. മുമ്പ് ഒരു പരിപാടിയിൽ പങ്കെടുക്കാൻ അന്നത്തെ പാണക്കാട് തങ്ങളെ ജമാ അത്തെ ഇസ്ലാമി വിളിച്ചെങ്കിലും അദ്ദേഹം പോവാത്തത് എന്തുകൊണ്ടെന്ന് അവരെ കൊണ്ടു നടക്കുന്ന ഇന്നത്തെ ലീഗ് നേതൃത്വം ഓർക്കണം. ഒരു വർഗീയതയുടെയും പിന്തുണ ഇടതുപക്ഷത്തിന് വേണ്ട. ഒരു വഞ്ചകനെ എൽ.ഡി.എഫിൽ കൂടെ നിറുത്തേണ്ടി വന്നതിന്റെ ഫലമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.