കസ്റ്റമർ ടച്ച് പോയിന്റുകൾ വിപുലമാക്കാൻ സ്‌കോഡ ഇന്ത്യ

Saturday 14 June 2025 12:14 AM IST

കൊച്ചി: ഇന്ത്യൻ വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിന് പ്രമുഖ വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യ ഒരുങ്ങുന്നു. ചെറുകിട, ഇടത്തരം നഗരങ്ങളിൽ പ്രവർത്തനം വിപുലപ്പെടുത്താനായി പുതിയ 200 കസ്റ്റമർ ടച്ച് പോയിന്റുകൾ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നടപ്പുവർഷം കസ്റ്റമർ ടച്ച് പോയിന്റുകളുടെ എണ്ണം 350 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 130 വർഷത്തെ ചരിത്രമുള്ള സ്‌കോഡ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ രജത ജൂബിലി വർഷം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ സ്‌കോഡ നിരവധി പ്രധാന ബ്രാൻഡ്, ഉത്പന്നം, നെറ്റ്‌വർക്ക്, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

കോർപ്പറേറ്റ്, ഗ്രാമീണ മേഖലകളിൽ കൂടുതൽ വളർച്ച നേടുന്നതിൽ സ്‌കോഡ ശ്രദ്ധകേന്ദ്രീകരിക്കും. ഉപഭോക്തൃ സമ്പർക്ക കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം വിശ്വാസ്യത വളർത്തിയെടുക്കാനുമാണ് സ്‌കോഡ ഓട്ടോ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്‌കോഡയ്‌ക്കൊപ്പം എല്ലാ കാറുകളിലും സൂപ്പർകെയർ സ്റ്റാൻഡേർഡായി നൽകുന്ന ബ്രാൻഡ്, ഉടമസ്ഥതയുടെ രണ്ടാം വർഷത്തിന്റെ അവസാനത്തിലോ 30,000 കിലോമീറ്റർ പൂർത്തിയാക്കിയ ശേഷമോ മാത്രമേ ഉപഭോക്താക്കൾക്ക് പതിവ് സർവീസിനുള്ള പണം നൽകൂവെന്ന് ഉറപ്പാക്കും. സ്‌കോഡ കാർ സ്വന്തമാക്കുമ്പോൾ പൂർണ്ണ മനസമാധാനം ഉറപ്പാക്കുന്ന വാറന്റി പാക്കേജുകളും മറ്റ് സേവന ഓഫറുകളും ഉണ്ട്.