ഭക്ഷ്യ റീട്ടെയിൽ, സംസ്‌കരണം: സാദ്ധ്യതയേറുന്നു
കാർഷിക മേഖല, സേവനമേഖലയിലെ വളർച്ചയ്ക്ക് അനുസൃതമായി അഗ്രിബിസിനസിലേക്ക് മാറുമ്പോൾ ഭക്ഷ്യ റീട്ടെയിൽ- സംസ്‌കരണ- സേവന മേഖലകളിൽ ഇന്ത്യ വൻ വളർച്ചയിലേക്ക് നീങ്ങുകയാണ്. ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ വരും വർഷങ്ങളിൽ പ്രതീക്ഷിക്കാവുന്നത്. ആഗോള ബ്രാൻഡുകളായ ഡൊമിനോസ്, പിസ്സ ഹട്ട്, കെ.എഫ്.സി, മക് ഡൊണാൾഡ്, സബ്‌വേ തുടങ്ങിയ ഫാസ്റ്റ് സേവന റെസ്റ്റോറന്റുകൾ ആധിപത്യം പുലർത്തുന്ന ഇവിടെ, നമ്മുടെ അഭിരുചിക്കനുസരിച്ച് നൂതന ഉത്പന്നങ്ങൾക്കുള്ള സാദ്ധ്യത വളരെ വലുതാണ്.
മാറുന്ന പ്രവണതകൾ
..............
ആരോഗ്യപരമായ ബൂസ്റ്റിംഗ് ചേരുവകൾ, മൂല്യബോധമുള്ള ഉപഭോക്താക്കൾ, ആഗോള പാചകരീതി, ഫ്യൂഷൻ & സുസ്ഥിര സസ്യാധിഷ്ഠിതം, കാലാവസ്ഥാ ബോധമുള്ള ഭക്ഷണക്രമം എന്നിവ ഇന്ത്യൻ ഭക്ഷ്യ ഉത്പാദന സമ്പ്രദായത്തിൽ ഉയർന്നുവരുന്ന ചില പ്രവണതകളാണ്. ഓൺലൈൻ വഴിയുള്ള സാമൂഹിക വാണിജ്യവും മൊബൈൽ ആപ്പുകൾ വഴിയുള്ള ദ്രുത വാണിജ്യവും ഈ മേഖലയിൽ ഉയർന്നുവരുന്നത് ബിസിനസ്- തൊഴിൽ മേഖലകളെ ശക്തിപ്പെടുത്തും.
ടൂറിസത്തിന്റെ വർദ്ധിച്ച പ്രോത്സാഹനവും അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവും വളർന്നുവരുന്ന മദ്ധ്യവർഗത്തിന്റെ അഭിലാഷങ്ങളും അന്താരാഷ്ട്ര ഉത്പന്നങ്ങളോടുള്ള താത്പര്യവും പാശ്ചാത്യ ജീവിതരീതിയും ഗുണമേന്മയുള്ളതും പ്രോട്ടീൻ സമ്പുഷ്ടവുമായ ഭക്ഷണം വാങ്ങുന്ന ശീലവും ഭക്ഷ്യ സംസ്‌കരണത്തിനും വിതരണ സംവിധാനങ്ങൾക്കും ധാരാളം നേട്ടങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. ഇന്ത്യയിൽ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉത്പന്നങ്ങൾക്ക് ധാരാളം അവസരങ്ങളുണ്ട്.
കാർഷിക അധിഷ്ഠിത എം.എസ്.എം.ഇകളും സ്റ്റാർട്ടപ്പുകളും
......................................
പാൽ, പയർവർഗ്ഗങ്ങൾ, അരി, കരിമ്പ്, ഗോതമ്പ്, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന ചരക്കുകളുടെ ഉത്പാദനത്തിൽ ഇന്ത്യ ഒരു കാർഷിക ശക്തികേന്ദ്രമാണ്. കൃഷിയിൽ നിന്ന് കാർഷിക ബിസിനസ്, ഭക്ഷ്യ സംസ്‌കരണം, ഭക്ഷ്യ റീട്ടെയിൽ, ഫുഡ് ഇ റീട്ടെയിൽ എന്നിവയിലേക്ക് മാറാൻ നമ്മുടെ യുവതി-യുവാക്കൾ തയ്യാറാകുന്ന കാലമാണിത്. ഈ മേഖലയിൽ ധാരാളം സംരംഭകത്വ സംരംഭങ്ങളും കാർഷിക അധിഷ്ഠിത എം.എസ്.എം.ഇകളും സ്റ്റാർട്ടപ്പുകളും ഉയർന്നുവരുന്നുണ്ട്.
ലോകജനസംഖ്യയുടെ 18 ശതമാനമാണ് ഇന്ത്യൻ ജനസംഖ്യ. ഇന്ത്യയിൽ 678.6 ദശലക്ഷത്തിലധികം തൊഴിലാളികളുണ്ട്, അതിൽ നല്ലൊരു പങ്കും 18-25 വയസിനിടയിലുള്ളവരാണ്. ഉയർന്ന വരുമാനമുള്ള യുവത്വം ഗുണനിലവാരമുള്ള പ്രീമിയം ഉത്പന്നങ്ങൾക്കായി തിരയുമ്പോൾ സംസ്‌കരിച്ചതും പുതിയതും പായ്ക് ചെയ്തതുമായ ഭക്ഷണ-പാനീയ മേഖലയിൽ വലിയ അവസരങ്ങളാണ് ഉണ്ടാകുന്നത്. ഈ അവസരം തൊഴിൽ- ബിസിനസ് മേഖലയിൽ ഉപയോഗിക്കാൻ യുവത തയ്യാറാകേണ്ടതുണ്ട്.
പ്രിന്റിംഗ് കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും ചേർന്ന് നടത്തുന്ന ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിൽ അപേക്ഷിക്കാം. തിരുവനന്തപുരം (0471 – 2474720, 2467728), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591, 2723666) എന്നിവിടങ്ങളിലാണ് കോഴ്സുകൾ. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അതത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വെബ്സൈറ്റ്: www.captkerala.com. ഫോൺ: 0471 2474720, 0471 2467728.