വി.എച്ച്.എസ്.ഇ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം 16, 17 തീയതികളിൽ

Saturday 14 June 2025 12:00 AM IST

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ജൂൺ 16 മുതൽ പ്രവേശനം സാദ്ധ്യമാകുംവിധം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ് : https://admission.vhseportal.kerala.gov.in

ഈ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Resultലൂടെ അലോട്ട്‌മെന്റ് വിവരങ്ങൾ അറി​യാനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാനുമാവും. ഒന്ന് / രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 16 മുതൽ 17 ന് വൈകിട്ട് നാല് വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഈ അലോട്ട്‌മെന്റിൽ താത്കാലികപ്രവേശനം അനുവദനീയമല്ല.

അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ജൂൺ 17ന് വൈകി​ട്ട് നാലിന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ പ്രോസസ്സിൽനിന്ന് പുറത്താകും.