എഴുകോൺ റെയിൽവേ ഭൂമിയിൽ വീണ്ടും മരം വീണു

Saturday 14 June 2025 12:50 AM IST

എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമിയിൽ നിന്ന ഒരു പാഴ്മരം വൈദ്യുതി ലൈനിന് മുകളിലേക്കും സമീപത്തെ ചായക്കടയുടെ മേൽക്കൂരയിലേക്കും കടപുഴകി വീണു. പെട്രോൾ പമ്പിന് മുൻവശം ദേശീയപാതയോരത്ത് നിന്നിരുന്ന ഈ മരം വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് നിലംപതിച്ചത്.

വൈദ്യുത ലൈനിൽ തട്ടി നിന്നതുകൊണ്ടാണ് ചായക്കട പൂർണമായും തകരാതിരുന്നത്. എഴുകോൺ കല്ലുംപുറം സുജിതാ ഭവനത്തിൽ ബിന്നിയുടെതാണ് ഈ കട.

രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് നിന്ന് മറ്റൊരു മരം വീണ് വൈദ്യുത ലൈനുകൾ തകരാറിലായിരുന്നു. ഈ ഭാഗത്ത് അപകടകരമായ നിരവധി മരങ്ങൾ ഇപ്പോഴും മുറിച്ചുമാറ്റാതെ നിൽക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ കവാടത്തിലുള്ള കൂറ്റൻ മരമാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഇത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി തുടരുകയാണ്.