പുനലൂരിൽ കനത്ത മഴയിൽ വീട് തകർന്നു

Saturday 14 June 2025 12:55 AM IST

പുനലൂർ: കനത്ത മഴയിൽ വീട് പൂർണ്ണമായി തകർന്നെങ്കിലും ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുനലൂർ നഗരസഭയിലെ കലങ്ങുംമുകൾ വാർഡിൽ പകിടിയിൽ ചരുവിള പുത്തൻവീട്ടിൽ കുമാറിന്റെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ തകർന്നു വീണത്. രാത്രി പന്ത്രണ്ടരയോടെ അടുത്ത മുറിയിൽ കേട്ട ശബ്ദം എലിയുടേതാണെന്ന് കരുതി അത് നോക്കാനായി കുമാർ അകത്തെ മുറിയിലേക്ക് പോയ സമയത്താണ് വീടിന്റെ മേൽക്കൂരയും ഭിത്തിയും അദ്ദേഹം കട്ടിലിൽ കിടന്നിരുന്ന സ്ഥലത്തേക്ക് പൂർണമായും തകർന്നു വീണത്.കുമാറിന്റെ ഭാര്യ സുമിനയും മക്കളും ഇതിനോട് ചേർന്ന സഹോദരിയുടെ വീട്ടിൽ ഉറങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ജി. ജയപ്രകാശ് പുനലൂർ വില്ലേജ് ഓഫീസർ ബിനീഷിനെ വിവരമറിയിച്ചു. തുടർന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.