പൊലീസുകാരെ വളർത്ത് നായയെ കൊണ്ട് കടിപ്പിച്ച പ്രതി പിടിയിൽ

Saturday 14 June 2025 12:54 AM IST

കുണ്ടറ: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വളർത്ത് നായയെ കൊണ്ട് കടിപ്പിച്ച പ്രതി പിടിയിൽ. പടപ്പക്കര ജിജോ സദനത്തിൽ ജിജേഷാണ് (40) കുണ്ടറ പൊലീസിന്റെ പിടിയിലായത്. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ പി.സച്ചിൻ ലാൽ,സി.പി.ഒ എസ്.ശ്രീജിത്ത് എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9ഓടെയായിരുന്നു സംഭവം. സമീപവാസിയെ മർദ്ദിച്ചെന്ന പരാതിയിൽ ജിജേഷിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. എന്നാൽ,ജിജേഷ് പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും പിടിവലിക്കിടയിൽ നിലത്തുവീണ ഇയാൾ എസ്.ഐയുടെ കാലിൽ കടിക്കുകയും ചെയ്തു. പിടിച്ചുമാറ്റുന്നതിനിടെ ശ്രീജിത്തിനെ ജിജേഷ് വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു. സ്ഥലത്ത് കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. പൊലീസുകാർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജിജേഷിനെ റിമാൻഡ് ചെയ്തു.