മുല്ലശ്ശേരി മുക്കിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

Saturday 14 June 2025 1:02 AM IST

തഴവ: മുല്ലശ്ശേരി മുക്കിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തഴവ വടക്കുംമുറി മേക്ക് വെട്ടിക്കത്തറയിൽ സുരേന്ദ്രൻ, കുതിരപ്പന്തി പണയിൽ അനിൽകുമാർ, വവ്വാക്കാവ് കൃഷ്ണ ഭവനിൽ പത്മകുമാർ എന്നിവർക്കാണ് കടിയേറ്റത്. സുരേന്ദ്രന്റെ പരിക്ക് ഗുരുതരമാണ്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ തഴവ വിഴമുക്കിൽ റേഷൻ കട നടത്തുന്ന സുരേന്ദ്രനെ കടിച്ചു. അതിനുശേഷം കിഴക്കോട്ട് ഓടി കാട്ടൂർ മഠം ജംഗ്ഷനിൽ വർക്ക്‌ഷോപ്പ് നടത്തുന്ന അനിൽകുമാറിനെയും, അതിനു കിഴക്ക് വെങ്ങാട്ടുംപള്ളിമുക്കിൽ മില്ല് നടത്തുന്ന പത്മകുമാറിനെയും കടിക്കുകയായിരുന്നു.

സുരേന്ദ്രനും അനിൽകുമാറും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പേ വിഷബാധയുള്ളതായി സംശയമുണ്ട്. നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.