ശിവഗിരിയിൽ ദിവ്യസത്സംഗവും ഗുരുധർമ്മപ്രബോധനവും

Saturday 14 June 2025 1:24 AM IST

ശിവഗിരി: ജനഹൃദയങ്ങളിൽ ആത്മീയതയും ഗുരുവിന്റെ ആചാരാനുഷ്ഠാന പദ്ധതിയും ശക്തമാക്കുന്നതിന്റെ ഭാഗമായി ശിവഗിരിയിൽ ഇന്നും നാളെയും ദിവ്യസത്സംഗവും ഗുരുധർമ്മപ്രബോധനവും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രാജ്യമൊട്ടാകെ നടത്തിവരുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന്റെ തുടർച്ചയായാണ് എല്ലാമാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുംഈ ആത്മീയ യജ്ഞം നടത്തുന്നത്. പഠനക്ലാസുകളിൽ ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ഗുരുദേവ കൃതികളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കും. ശാന്തിഹവനയജ്ഞം, സമൂഹാർച്ചന, ഗുരുപൂജ തുടങ്ങിയ ചടങ്ങുകളും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർക്കൊപ്പം ഗുരുധർമ്മ പ്രചരണസഭാ പ്രഭാഷകരും ക്ലാസുകൾ നയിക്കും. സഭാ കേന്ദ്രസമിതിയാണ് മുഖ്യ സംഘാടകർ.