കപ്പൽ അപകട ആഘാതം:   200 നോട്ടിക്കൽമൈൽ വരെയുള്ള നഷ്ടം നോക്കണം:ഹൈക്കോടതി

Saturday 14 June 2025 1:28 AM IST

#തുക ഈടാക്കാൻ കമ്പനിയുടെ മറ്റ് കപ്പലുകൾ കസ്റ്റഡിയിലെടുക്കാം

കൊച്ചി: കേരളതീരത്തെ രണ്ട് കപ്പലപകടങ്ങളിൽ നാശനഷ്ടം നിർണയിക്കുമ്പോൾ തീരത്തുനിന്ന് 200 നോട്ടിക്കൽമൈൽവരെയുള്ള എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിൽ മത്സ്യസമ്പത്തിനുണ്ടായ നഷ്ടം കണക്കിലെടുക്കാമെന്ന് ഹൈക്കോടതി. മത്സ്യത്തൊഴിലാളികൾക്കടക്കം നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ സമർപ്പിച്ച ഹർജിയിലെ ഉത്തരവിലാണ് ഈ നിർദ്ദേശം.

നഷ്ടപരിഹാരത്തിന് നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് മാത്രമല്ല ഷിപ്പിംഗ് ഡയറക്ടർ ജനറലിനും കഴിയുമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെ ഉത്തരവിൽ പറയുന്നു. നഷ്ടപരിഹാരം ഈടാക്കാനായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് കപ്പലുകൾ അറസ്റ്റുചെയ്യാമെന്നും ചൂണ്ടിക്കാട്ടി. പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റ‌ർ ചെയ്യാൻ കഴിയുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടിയത് പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിന് നടപടി സ്വീകരിക്കാനാകില്ലെങ്കിൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.

വാൻഹായിൽ

1754 കണ്ടെയ്നർ

കണ്ണൂരിന് സമീപം അറബിക്കടലിൽ തീപിടിച്ച വാൻഹായ് 503 കപ്പലിൽ ഉണ്ടായിരുന്ന കത്തുന്ന ദ്രാവകങ്ങളും രാസവസ്തുക്കളും കീടനാശിനികളും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആകെ 1754 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മഷിയും തിന്നറുമൊക്കെയുണ്ട്. ഇവ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കാനിടയുള്ളതാണ്. ആലപ്പുഴ തീരത്തിനടുത്ത് എം.എസ്.സി എൽസ 3 കപ്പൽമുങ്ങിയത് മൂലമുള്ള പരിസ്ഥിതിനാശം തിട്ടപ്പെടുത്താനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.