തെരുവുനായ നിയന്ത്രണം: ഹൈക്കോടതി വിശദീകരണം തേടി

Saturday 14 June 2025 1:58 AM IST

കൊച്ചി: തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് നിയമ വിദ്യാർത്ഥിനി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടും മറ്റ് എതിർകക്ഷികളോടും വിശദീകരണം തേടി. തിരുവനന്തപുരം സ്വദേശിനി കീർത്തന സരിൻ ഫയൽചെയ്ത ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.

ഹർജിക്കാരിക്ക് മേയ് 31ന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തെരുവുനായ്ക്കളുടെ വന്ധ്യംകരണമടക്കമുള്ള നടപടികൾക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.