കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

Saturday 14 June 2025 2:00 AM IST

പീരുമേട്: കുടുംബാംഗങ്ങൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പ്ലാക്കത്തടം നിവാസിയായ സീതയാണ്( 42) മരിച്ചത്. ഭർത്താവ് ബിജു (48)വിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

പീരുമേട് പഞ്ചായത്ത്‌ തോട്ടാപ്പുരയിൽ അനുവദിച്ച പുനരധിവാസ കേന്ദ്രത്തിലാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് ബിജുവിനും മക്കളായ സാജുമോനും,അജിമോനും ഒപ്പമാണ് വന വിഭവമായ പൈൻ പൂവ് ശേഖരിക്കാൻ രാവിലെ മീമുട്ടി വനത്തിൽ പോയത്. അവിടെ വച്ച് കാട്ടാന സീതയെയും വനം വകുപ്പ് താൽക്കാലിക വാച്ചറായിരുന്ന ഭർത്താവ് ബിജുവിനെയും ആക്രമിച്ചു. മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബന്ധുക്കളെ സീതയുടെ മക്കൾ അറിയിച്ചതനുസരിച്ച്‌ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസിൽ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും

സീത മരിച്ചു. സംഭവമറിഞ്ഞ് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ താലൂക്ക് ആശുപത്രിയിലെത്തി .ഇവർക്ക്‌ അഞ്ചു ലക്ഷം രൂപ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.