പത്തനാപുരം എ.ടി.ഒയ്ക്ക് സസ്പെൻഷൻ
Saturday 14 June 2025 2:01 AM IST
തിരുവനന്തപുരം: വിദ്യാർത്ഥി മരണപ്പെടാൻ ഇടയായ അപകടത്തിൽ പുറത്താക്കിയ ഡ്രൈവറെ ചീഫ് ഓഫീസ് അനുമതിയില്ലാതെ ചട്ടം ലംഘിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച കെ.എസ്.ആർ.ടി.സി പത്തനാപുരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ കെ. ബി. സാമിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
മേയ് 12ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഫ്‌ളൈഓവറിൽ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെട്ട അപകടത്തിൽ വിദ്യാർത്ഥി മരിച്ചിരുന്നു . ഈ സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡ്രൈവർ വി. രാഗേഷ് കുമാറിനെ സർവീസിൽ നിന്നും മാറ്റി നിറൂത്തണമെന്ന എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ ഉത്തരവ് നിലനിൽക്കെ ഡ്രൈവറെ മേലധികാരികളുടെ നിർദ്ദേശം ഇല്ലാതെ കറക്ടീവ് ട്രെയിനിംഗിന് അയക്കുകയും തുടർന്ന് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തതിനാണ് നടപടി.