അരികെ ആഫ്രിക്ക
ലോഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ കന്നിക്കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്ക അടിവച്ചടിവച്ച് എത്തുന്നു. ലോഡ്സ് വേദിയാകുന്ന ഫൈൽ പോരാട്ടത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 213/2 എന്ന നിലയിലാണ്. 8 വിക്കറ്റും മത്സരം അവസാനിക്കാൻ 2 ദിവസവും ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 69 റൺസ് മാത്രം മതി. അപ്രതീക്ഷിത തകർച്ച സംഭവച്ചില്ലെങ്കിൽ ടെംബ ബവുമയും സംഘവും തന്നെ ചാമ്പ്യൻമാരാകും. സെഞ്ച്വറി നേടിയ എയ്ഡൻ മർക്രത്തിന്റേയും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ടെംബ ബവുമയുടെയും ചെറുത്തു നിൽപ്പാണ് രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിലെ പ്രതിസന്ധിക്ക് ശേഷം കാര്യങ്ങൾ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയത്. മൂന്നാം ദിനം രാവിലെ 144/8 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 207 റൺസ് എടുത്താണ് ഓൾഔട്ടായത്. അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന മിച്ചൽ സ്റ്റാർക്കാണ് (പുറത്താകാതെ 58) ഓസീസിനെ 200 കടത്തിയത്. നാഥൻ ലയണെ (2) റബാഡ തുടക്കത്തിലേ പുറത്താക്കിയതോടെ ഓസ്ട്രേലിയ 148/9 എന്ന നിലയിലായി. എന്നാൽ അവസാന വിക്കറ്റിൽ ഹേസൽവുഡിനെ (17) കൂട്ടുപിടിച്ച് സ്റ്റാർക്ക് ഓസ്ട്രേലിയയെ 200 കടത്തി. അവസാന വിക്കറ്റിൽ ഇരുവരും 135 പന്തിൽ 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹേസൽവുഡിനെ പുറത്താക്കി മർക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. റബാഡ നാലും എൻഗിഡി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
സ്കോർ: ഓസ്ട്രേലിയ 212/10, 207/10, ദക്ഷിണാഫ്രിക്ക 138/10, 213/2.
മർക്രം, ബൗമ സൂപ്പർ കൂട്ടുകെട്ട് ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റിക്കൽറ്റണേയും (6) മുൽഡറേയും (27) നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച മർക്രവും ബവുമയും അവരുടെ രക്ഷകരായി. മർക്രം 102ഉം ബൗമ 65ഉം റൺസ് േനടി ബാറ്റിംഗ് തുടരുകയാണ്. ഇരുവരുംമൂന്നാം വിക്കറ്റിൽ 143 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. ഓസീസ് ബൗളർമാരെ സമർത്ഥമായി നേരിട്ട് മുന്നേറിയ മർക്രം -ബവുമ കൂട്ടുകെട്ടിന് ഓസീസ് താരങ്ങൾ കൈവിട്ട ക്യാച്ചും തുണയായി. സ്ലിപ്പിൽ ഹൈൽറ്റ് വച്ച് ഫീൽഡ് ചെയ്ത സ്റ്റീവ് സ്മിത്ത് ബവുമ നൽകിയ അനായാസ ക്യാച്ച് കൈവിടുകയും കൈയ്ക്ക് പരിക്കേറ്റ് മടങ്ങുകയും ചെയ്തു. ഹാം സ്ട്രീംഗ് ഇഞ്ച്വറി അലട്ടിയെങ്കിലും അതൊന്നുംവകവയ്ക്കാതെയായിരുന്ന ബവുമയുടെ ബാറ്റിംഗ്.
എലൈറ്റ് ഡിവിഷൻ ഫുട്ബോൾ ലീഗ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരുത്തരായ ആറ് ഫുട്ബാൾ ടീമുകൾ മത്സരിക്കുന്ന എലൈറ്റ് ഡിവിഷൻ ഫുട്ബോൾ ലീഗിന് ഇന്ന് കിക്കോഫ്. ജി.വി.രാജ മൈലം ഫുട്ബാൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ കേരള പൊലീസ് കരുത്തരായ കോവളം എഫ്.സിയെയും 10.30ന് മുൻ ചാമ്പ്യന്മാരായ എസ്.ബി.ഐ കേരള , കേരള ടൈഗേഴ്സിനെയും നേരിടും.കെ.എസ്.ഇ.ബി,ഏജീസ് ഓഫീസ് ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്ന മറ്റ് ടീമുകൾ.