"പെട്ടിയെല്ലാം റോഡിൽ വച്ചു, പരിശോധിച്ചിട്ടുപോയാൽ മതിയെന്ന് ഞങ്ങൾ പറഞ്ഞു"; ഒപ്പം പൊലീസിനോട് ഒരു ചോദ്യവും ചോദിച്ചു
മലപ്പുറം: വാഹന പരിശോധനയിൽ പൂർണമായും സഹകരിച്ചെന്ന് ഷാഫി പറമ്പിൽ എം പി. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്ത് വച്ചാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധിച്ചത്.
'ഞങ്ങൾ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചുവരുമ്പോൾ പൊലീസുകാരൻ കൈകാണിച്ചു. അപ്പോൾ ഞാൻ വണ്ടി ഒതുക്കി, എന്താണെന്ന് ചോദിച്ചു. ഇറങ്ങാൻ പറഞ്ഞു. വാഹന പരിശോധന നടത്താനുള്ള അവകാശം അവർക്കുണ്ടല്ലോ. ഞങ്ങൾ പൂർണമായും സഹകരിച്ചു.
എന്നോട് കാറിന്റെ ഡിക്കി തുറക്കാൻ പറഞ്ഞു, ഞാൻ തുറന്നു. അതുകഴിഞ്ഞ് പെട്ടി പുറത്തുവയ്ക്കാൻ പറഞ്ഞു. ഞാൻ തന്നെ ആ വാഹനത്തിലെ എല്ലാ പെട്ടികളും പുറത്തെടുത്തുവച്ചു. പരിശോധിച്ചോളൂവെന്ന് പറഞ്ഞു. അപ്പോൾ കുഴപ്പമില്ല, പോട്ടേയെന്ന് പൊലീസ് പറഞ്ഞു. നിങ്ങൾ പരിശോധിക്കണമെന്നും അതിൽ നിന്ന് എന്തെങ്കിലും കിട്ടിയോയെന്നും പറയണമെന്ന് ഞാൻ പറഞ്ഞു.
പെട്ടിയുടെ അകത്തെന്താണെന്ന് അവർ കാണണമല്ലോ. പരിശോധനയാണെങ്കിൽ പെട്ടി തുറന്നുപരിശോധിക്കുകയല്ലേ വേണ്ടത്. അപ്പോൾ പരിശോധിച്ചിട്ടുപോയാൽ മതിയെന്ന് ഞങ്ങൾ കുറച്ചുനിർബന്ധിച്ചു. പരിശോധിക്കുമ്പോൾ അവർ ക്യാമറ റെക്കോർഡ് ചെയ്യുന്നില്ല. ഞാൻ അത് റെക്കോർഡ് ചെയ്യാൻ പറഞ്ഞു. ലാസ്റ്റ് ഇതിൽ നിന്ന് എന്തെങ്കിലും കിട്ടിയോ എന്ന് ഞാൻ ചോദിച്ചു. ഇല്ലെന്ന് അവർ പറഞ്ഞു.
ഞങ്ങൾ പരിശോധനയുമായി പൂർണമായി സഹകരിച്ചു. അവരോട് ഒരു ചോദ്യം ചോദിച്ചു, ഇതുവഴി ഒരുപാട് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാർ പോകുന്നുണ്ടല്ലോ, അവരുടേത് ആരുടയെങ്കിലും കാർ നിങ്ങൾ പരിശോധിച്ചോയെന്ന് ചോദിച്ചു. ആ അതൊക്കെ പരിശോധിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ ഇതുവരെ പരിശോധിച്ചതായി ഞങ്ങൾ കണ്ടിട്ടില്ല. വാർത്തയായതുകൊണ്ട് ഇനി പരിശോധിക്കുമായിരിക്കും.'- ഷാഫി പറമ്പിൽ പറഞ്ഞു.
പരിശോധന ഏകപക്ഷീയമാണെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. എൽ ഡി എഫ് നേതാക്കളുടെ പെട്ടി പരിശോധിക്കുന്നില്ല. പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും നിലമ്പൂരിൽ വിജയിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.