20 രൂപ വേണ്ട, ഇവിടെ വെറും ഒരു രൂപയിട്ട് സ്വിച്ച് അമർത്തിയാൽ സാധനം കിട്ടും

Saturday 14 June 2025 10:22 AM IST

കോട്ടയം: ഒരു രൂപ നാണയമിട്ട് സ്വിച്ചമർത്തിയാൽ മതി കുടിവെള്ളം കിട്ടും. ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ എ ടി എം സജ്ജമാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചെലവഴിച്ച് മൂന്ന് വാട്ടർ എ ടി എമ്മാണ് സ്ഥാപിച്ചത്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറുകച്ചാലിലെയും ഇടയിരിക്കപ്പുഴയിലെയും കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് എ ടി എം സ്ഥാപിച്ചത്. പച്ചവെള്ളമോ തണുത്ത വെള്ളമോ ചൂടുവെള്ളമോ ലഭിക്കും. അഞ്ചുരൂപ നിക്ഷേപിച്ചാൽ അഞ്ചുലിറ്റർ കുടിവെള്ളം.

ശുദ്ധീകരിച്ച വെള്ളം

ആർ ഒ പ്ലസ് യു വി ഫിൽട്ടർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന വെള്ളമാണ് നൽകുന്നത്. യു പി ഐ പേമെന്റ്, ക്യൂ ആർ കോഡ് വഴിയും പണമടയ്ക്കാം. 150 ലിറ്റർ കപ്പാസിറ്റിയുള്ള എ ടി എം ആണ് ഓരോ ആശുപത്രിയിലുമുള്ളത്. ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്.

 ജില്ലയിൽ ആദ്യമായാണ് ആശുപത്രികളിൽ ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാട്ടർ എ ടി എം സ്ഥാപിച്ചിരിക്കുന്നത്.- മുകേഷ് കെ മണി,​ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.