വീട് വൃത്തിയാക്കാൻ മാത്രമല്ല, റോബോട്ടിന് മറ്റൊരു ഉപകാരം കൂടിയുണ്ട്; വൈറലായി വീഡിയോ
വീട്ടിൽ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ജോലിയാണ് വൃത്തിയാക്കൽ. എത്രതന്നെ സമയമെടുത്ത് വൃത്തിയക്കിയാലും അധികം വൈകാതെ തന്നെ പൊടിയും അഴുക്കും പറ്റിപ്പിടിക്കാറുമുണ്ട്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീട്ടിൽ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഏറ്റവുമധികം ഉപകാരപ്പെടുന്ന ഒന്നാണ് റോബോട്ട് വാക്വം ക്ലീനർ. വിപണിയിലെത്തിയിട്ട് അധികമായിട്ടില്ലെങ്കിലും പല വീടുകളിലും ഇന്ന് ഈ ഉപകരണം കാണാം. എന്നാൽ, ഒരു വീട്ടിൽ നിന്നുള്ള 'പ്രത്യേക' റോബോട്ട് വാക്വം ക്ലീനറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോയിൽ വെള്ള നിറത്തിലുള്ള ഒരു റോബോട്ട് വാക്വം ക്ലീനർ കാണാം. അതിന് മുകളിൽ ഒരു വെള്ളി പാത്രം വച്ചിട്ടുണ്ട്. അതിൽ നിന്നും പുക ഉയരുകയാണ്. വീട്ടിൽ സുഗന്ധം പരത്താനും കൊതുക് പോലുള്ള ജീവികളെ തുരത്താനുമായി കുന്തിരിക്കം പോലുള്ള വസ്‌തുക്കൾ പുകയ്‌ക്കാറുണ്ട്. ഇത്തരത്തിൽ വീടിന്റെ എല്ലാ ഭാഗത്തും പുക കൊള്ളിക്കുന്നത് എളുപ്പമാക്കാനാകണം ഈ വിദ്യ വീട്ടുകാർ ചെയ്‌തത്. ഓടിനടന്ന് വീട് വൃത്തിയാക്കുന്ന റോബോട്ട് വാക്വം ക്ലീനർ ഓരോ മുക്കിലും മൂലയിലും പുക എത്തിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പലർക്കും ഉപകാരപ്പെടുന്ന കൗതുകകരമായ കാര്യമാണ് വീഡിയോയിലുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധിപേർ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.