വൈകിട്ടത്തെ ചായയ്ക്ക് എന്താ കടി? തൽക്കാലം പഴംപൊരി കഴിക്കേണ്ട, കാരണം

Saturday 14 June 2025 12:37 PM IST

എഴുകോൺ: മഴയും കാറ്റും കൃഷിനാശം വിതച്ചതിന് പിന്നാലെ വാഴപ്പഴ വിപണിയിൽ വില കുതിക്കുന്നു. പഴുത്ത ഏത്തക്കായുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 100 രൂപയായി. കഴിഞ്ഞ കുറച്ചുനാളുകളായി 70 രൂപയ്ക്ക് മുകളിലാണ് ഏത്തപ്പഴ വില. പച്ച ഏത്തക്കായയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് വില.

ചുവപ്പൻ പഴത്തിന് 75 ഉം ഞാലിപ്പൂവനും പൂവനും 70 രൂപയും നൽകണം. റോബസ്റ്റയ്ക്ക് (പച്ചപ്പഴം) കിലോയ്ക്ക് 40 രൂപയായി. 20 രൂപയാണ് പഴുക്കാത്ത പച്ചക്കായയുടെ വില. മറ്റ് പഴങ്ങൾക്ക് തീ വിലയായതോടെ പച്ചപ്പഴത്തിന് ആവശ്യക്കാർ കൂടി. മഴ ശക്തമായതോടെ വാഴപ്പഴ വില ഉയർന്നുതന്നെ നിൽക്കാനാണ് സാദ്ധ്യത. ഏത്തപ്പഴത്തിന്റെ ഉയർന്ന വില ചിപ്സ് വിലയിലും പ്രതിഫലിക്കുന്നുണ്ട്. വെളിച്ചെണ്ണ വിലയും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.

തേങ്ങയുടെയും കൊപ്രയുടെയും വർദ്ധിക്കുന്ന വിലയിൽ പകച്ചുനിൽക്കുന്ന വെളിച്ചെണ്ണ വിപണിയിൽ വ്യാജൻമാരും ഏറെയുണ്ട്. ദിവസംതോറുമുള്ള വർദ്ധന ചെറുകിട വെളിച്ചെണ്ണ മില്ലുകളെ പ്രതിസന്ധിയിലാക്കുന്നു. വെളിച്ചെണ്ണ വില ലിറ്ററിന് 350 രൂപയാണ്. ഒരുവർഷംകൊണ്ട് കൂടിയത് ഇരട്ടിയോളം രൂപ. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദന ചെലവേറി. കാട്ടാനകൾ, കുരങ്ങുകൾ, മലയണ്ണാൻ എന്നിവ നാളികേര കർഷകർക്ക് ഭീഷണിയാണ്.നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളിൽ ചിലത് ഇപ്പോൾ പിടിച്ചുനിൽക്കുന്നത് വെളിച്ചെണ്ണ വിൽപ്പനയിലൂടെയാണ്.