എഴുത്തിൽ അരനൂറ്റാണ്ട്  പിന്നിട്ട് സമദ് പനയപ്പിള്ളി

Sunday 15 June 2025 1:35 AM IST

കൊച്ചി: വരകളും വർണങ്ങളും വിട്ട് കഥയുടെ ലോകം സ്വീകരിച്ച സമദ് പനയപ്പിള്ളിയുടെ എഴുത്ത് അരനൂറ്റാണ്ട് പിന്നിടുന്നു. ശ്രദ്ധേയമായ ചെറുകഥകൾ രചിച്ച അദ്ദേഹം 15 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. 62-ാം വയസിലും എഴുത്തിന്റെ ലോകത്ത് സജീവമാണ് സമദ്.

ഫോർട്ടുകൊച്ചി പനയപ്പിള്ളിയിൽ ജനിച്ച സമദ് ചിത്രങ്ങൾ വരച്ചാണ് കലാജീവിതം ആരംഭിച്ചത്. ശങ്കേഴ്‌സ് ഇന്റർനാഷണൽ ഉൾപ്പെടെ ചിത്രരചനാ മത്സരങ്ങളിൽ അംഗീകാരം നേടി. നാലാം ക്ലാസിൽൽ പഠിക്കുമ്പോൾ മലയാളം അദ്ധ്യാപകൻ അബ്ദു എഴുതി സംവിധാനം ചെയ്ത 'സമരം' എന്ന നാടകത്തിൽ അഭിനയിച്ചത് വഴിത്തിരിവായി. നാടകം എഴുതാൻ ആരംഭിച്ചു. നോട്ട്ബുക്ക് നിറയെ നാടകം എഴുതി പ്രധാന അദ്ധ്യാപകനായിരുന്ന കുമാരൻ കല്ലൂമഠത്തെ വിസ്മയിപ്പിച്ചു.

പനയപ്പിള്ളി. എം.എം.ഒ.എച്ച്.എസ് ഹൈയർ സെക്കൻഡറി സ്‌കൂൾ സ്ഥാപകരിൽ പ്രമുഖനും മാനേജറുമായിരുന്ന പരേതനായ പി.ബി. മൊയ്തീനാണ് സമദിന്റെ പിതാവ്. ഫാത്തിമയാണ് മാതാവ്. ഭാര്യ: സാലിഹ. മക്കൾ: സാലിഹ, ഷഫീൻ സമദ്.

 പത്താം വയസിൽ ആദ്യകഥ

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യത്തെ കഥ എഴുതി. പിന്നീട് തുടർച്ചയായി എഴുതി. മലയാളത്തിലെ ചെറുതും വലുതുമായ ആനുകാലികങ്ങളിലും വാരാന്ത്യങ്ങളിലും സമദിന്റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഉഷസ് ' എന്ന കൈയെഴുത്ത് മാസിക ചിത്രങ്ങൾ വരച്ചും എഴുതിയും എഡിറ്റ് ചെയ്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിളി, പരസ്പരം, തണൽ തുടങ്ങിയ ലിറ്റിൽ മാഗസിനുകളുടെ ലിറ്ററി എഡിറ്ററായിരുന്നു. പ്രിയംവദ, ഇ ദർശനം എന്നീ പ്രസിദ്ധീകരണങ്ങളിൽ സബ് എഡിറ്ററായും പ്രവർത്തിച്ചു. പ്രസിദ്ധീകരിച്ച 15 പുസ്‌തകങ്ങളിൽ ഒന്നൊഴികെ കഥാസമാഹാരങ്ങളാണ്.