റോഡരികിൽ ജൈവകൃഷി ഇറക്കി മനോജ് മൂത്തേടൻ!

Sunday 15 June 2025 12:52 AM IST

പെരുമ്പാവൂർ: ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ റോഡരികിൽ കൃഷിയിറക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ. തന്റെ വീടിനോട് ചേർന്നുള്ള കനാൽ ബണ്ട് റോഡരികിലാണ് പച്ചക്കറി കൃഷി തുടങ്ങി, ഇപ്പോൾ മികച്ച വിളവും നേടുന്നു.

ജില്ലയിലെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനത്തിനുതന്നെ മാതൃകയായ വിദ്യാഭ്യാസ ഫാം ടൂറിസം, ഫാം ഫെസ്റ്റുകൾ തുടങ്ങിയ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മനോജ് മുത്തേടന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പുമായി ചേർന്ന് ഒട്ടേറെ പ്രചാരണ പരിപാടികൾക്കും നേതൃത്വം നൽകുന്നുണ്ട്.

ആകെയുള്ള നാലര സെന്റ് സ്ഥലത്ത് വീടിരിക്കുന്നതിനാൽ കൃഷിചെയ്യാൻ സൗകര്യമില്ലാത്തതിനെ തുടർന്നാണ് വീടിനോട് ചേർന്നുള്ള കനാൽ ബണ്ട് റോഡിന്റെ അരികിൽ പച്ചക്കറി കൃഷിയിറക്കിയത്.

60ലധികം പ്ലാസ്റ്റിക് ചട്ടികളിൽ പയർ നട്ട്, 80 അടി നീളത്തിൽ വല കെട്ടി പയർ വള്ളി പടർത്തിയായിരുന്നു കൃഷി. കൃഷി ചെയ്ത ഭാഗത്ത് മതിലുപോലെ പയർ വള്ളി പടർന്നതിനാൽ കനാലിലേക്ക് കുട്ടികൾ വീഴാതിരിക്കാനുള്ള ഒരു സംരക്ഷണ ഭിത്തി കൂടി കൃഷിയിലൂടെ സാദ്ധ്യമായെന്ന് മനോജ് മൂത്തേടൻ പറഞ്ഞു.

 കഞ്ഞിക്കുഴി പയറിൽ തുടക്കം

ഒക്കൽ ഫാമിൽ നിന്ന് വാങ്ങിയ കഞ്ഞിക്കുഴി പയറാണ് കൃഷി ചെയ്തത്. മൂന്ന് അടിയോളം നീളമുള്ള പയർ ആവശ്യത്തിലധികം എല്ലാ ദിവസവും പറിക്കാൻ സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി ജൈവ പച്ചക്കറി കൃഷി വേണമെന്നുള്ള ആഗ്രഹത്തിലാണ് വഴിയരികിലാണെങ്കിലും മറ്റാർക്കും തടസമില്ലാത്ത രീതിയിൽ പച്ചക്കറി കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങിയത്. വിഷരഹിത പച്ചക്കറി യഥേഷ്ടം ലഭിക്കുന്നതിനാൽ സ്ഥിരമായി വിവിധ പച്ചക്കറികൾ കൃഷിചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

മനോജ് മൂത്തേടൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്