തലസ്ഥാനത്തെ പ്രമുഖ സർക്കാർ സ്കൂളിൽ വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടീച്ചു; അദ്ധ്യാപികയ്‌ക്കെതിരെ പരാതി

Saturday 14 June 2025 7:32 PM IST

തിരുവനന്തപുരം: വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അദ്ധ്യാപിക ഏത്തമിടീച്ചതായി പരാതി. തിരുവനന്തപുരത്തെ പ്രമുഖ സർക്കാർ സ്കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വെെകിട്ട് ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാർത്ഥിനികൾ പുറത്തിറങ്ങിയതിനെ തുടർന്നാണ് അദ്ധ്യാപികയുടെ ഇത്തരമൊരു ശിക്ഷാ നടപടി.

കുട്ടികളെ ക്ലാസിൽ പൂട്ടിയിട്ട ശേഷം ഏത്തമിടീക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്കൂളിൽ നിന്ന് ഇറങ്ങാൻ വെെകിയ കുട്ടികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. ഒടുവിൽ പ്രധാനാദ്ധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്രിന് പണം നൽകി പറഞ്ഞുവിടുകയായിരുന്നു. ഇതോടെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ അദ്ധ്യാപിക ഖേദം പ്രകടിപ്പിച്ചു.

കുട്ടികളെ ഏത്തമിടിയിച്ചുള്ള ശിക്ഷ നൽകിയത് സ്കൂളിലെ പ്രധാനാധ്യാപിക സ്ഥിരീകരിക്കുകയും ചെയ്തു. തനിക്ക് പറ്റിയ തെറ്റിൽ അദ്ധ്യാപിക ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രശ്നം അവസാനിപ്പിച്ചു. സംഭവം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.