സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
Saturday 14 June 2025 8:41 PM IST
കാക്കനാട്: തൃക്കാക്കര നഗരസഭ തെങ്ങോട് ഡിവിഷനിലെ കുഴിക്കാല പുളിക്കൽ വീട്ടിൽ സാജു ജോസഫിന്റെ വീടിനോട് ചേർന്നുള്ള 20 അടിയോളം ഉയരം വരുന്ന സംരക്ഷണഭിത്തി കഴിഞ്ഞ ദിവസം വെളുപ്പിന് നാലോടെയുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞു വീണു. സംഭവം നടക്കുമ്പോൾ സാജുവും ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നു. മണ്ണിടിഞ്ഞ് വീണതിന്റെ ശബ്ദം കേട്ട് എഴുന്നേറ്റ കുടുംബാംഗങ്ങൾ ഉടൻ തന്നെ വീട്ടിൽനിന്ന് മാറി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തിയുടെ മുകളിൽ ടർപ്പോള കെട്ടി മഴവെള്ളം വീഴുന്നത് തടഞ്ഞതിനാൽ കൂടുതൽ അപകടമുണ്ടായില്ല. മണ്ണിടിഞ്ഞതിനെ തുടർന്ന് വീടിന്റെ കാർപോർച്ച് ഭാഗികമായി തകർന്നു. വീടിടും കേടുപാടുണ്ട്. വാർഡ് കൗൺസർ സ്ഥലത്തെത്തി.