കടൽത്തീരത്ത് കൂറ്റൻ നീലത്തിമിംഗലമടിഞ്ഞു, പ്രദേശത്ത് അതിരൂക്ഷ ദുർഗന്ധം

Saturday 14 June 2025 8:55 PM IST

അമ്പലപ്പുഴ: പുറക്കാട് പുന്തല കടൽത്തീരത്ത് കൂറ്റൻ നീലത്തിമിംഗലമടിഞ്ഞു. തീരത്ത് കടൽഭിത്തിക്കിയിൽ ഇന്ന് ഉച്ചയോടെയാണ് ഏകദേശം 25 മീറ്റർ നീളമുള്ള തിമിംഗലം അടിഞ്ഞത്. രാവിലെ മുതൽ പുറക്കാട് പുറം കടലിൽ ചത്ത തിമിംഗലം ഒഴുകി നടന്നിരുന്നു. ഇത് പിന്നീട് ഉച്ചയോടെയാണ് പുറക്കാട് തെക്ക് പുന്തല കടൽത്തീരത്ത് അടി‌ഞ്ഞു കയറിയത്. അതിരൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത്.

പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് തിമിനംഗത്തെ തോട്ടപ്പള്ളി തുറമുഖത്തെത്തിച്ച് പോസ്റ്റുമോർട്ടം ചെയ്ത ശേഷം മറവ് ചെയ്യാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ സീ റസ്‌ക്യൂ വിഭാഗവും മത്സ്യത്തൊഴിലാളികളും ചേർന്ന് റോപ്പ് കെട്ടി വള്ളത്തിൽ വലിച്ച് തിമിംഗലത്തെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ കൊല്ലം അഴീക്കലിൽ നിന്ന് ബോട്ട് എത്തിച്ച് തിമിംഗലത്തെ തോട്ടപ്പള്ളി തുറമുഖത്തെത്തിക്കാനാണ് നീക്കം.