മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതിയുമായി ഡി.ജി.പി

Sunday 15 June 2025 12:25 AM IST

തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള യോഗേഷ് ഗുപ്ത എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മേധാവിയാവുന്നത് തടയാൻ സംസ്ഥാന സർക്കാരിന്റെ തരികിട. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നുവട്ടം രേഖാമൂലം ആവശ്യപ്പെട്ടിട്ടും യോഗേഷിനെതിരേ കേസും അന്വേഷണവുമില്ലെന്ന ക്ലിയറൻസ് സർക്കാർ നൽകിയില്ല. ഈ രേഖ ലഭിക്കാതെ യോഗേഷിനെ കേന്ദ്ര ഏജൻസിയുടെ തലപ്പത്തേക്ക് പരിഗണിക്കാനാവില്ല. കേന്ദ്രം ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും പലവട്ടം കണ്ടിട്ടും രക്ഷയില്ലാതായതോടെ, മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ജൂൺ ഒന്നിന് യോഗേഷ് പരാതിനൽകി. മുഖ്യമന്ത്രിയുടെ പോർട്ടലിൽ ഒരു ഡി.ജി.പി പരാതിക്കാരനാവുന്നത് ആദ്യമായാണ്. ഈപരാതിക്കും മറുപടിയില്ല.

ചാർട്ടേർഡ് അക്കൗണ്ടന്റ് കൂടിയായ യോഗേഷ് അഞ്ചുവർഷം സി.ബി.ഐയിലും ഏഴുവർഷം ഇ.ഡിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇ.ഡി സ്പെഷ്യൽ ഡയറക്ടറായിക്കെ, രാജ്യത്തെ പിടിച്ചുലച്ച ബംഗാളിലെ ശാരദാ, റോസ് വാലി, സീഷോർ ചിട്ടിത്തട്ടിപ്പുകൾ, നാരദാ കോഴക്കേസ്, ബേസിൽ നിക്ഷേപത്തട്ടിപ്പ് തുടങ്ങിയവ അന്വേഷിച്ചതും ഉന്നത രാഷ്ട്രീയക്കാരെ അകത്താക്കിയതും ഗുപ്തയുടെ നേതൃത്വത്തിലാണ്. അതിനാൽ യോഗേഷിനെ ഇ.ഡി മേധാവിയാക്കാനാണ് കേന്ദ്രത്തിന് താത്പര്യം. കേരളത്തിൽനിന്ന് ഈ പദവിയിലേക്ക് യോഗ്യനായത് യോഗേഷ് മാത്രമാണ്. ഇക്കാര്യമറിയിച്ച് ഒന്നരമാസം മുൻപാണ് ആഭ്യന്തരമന്ത്രാലയം ചീഫ്സെക്രട്ടറിക്ക് കത്തയച്ചത്. പിന്നീട് രണ്ടുവട്ടം ഔദ്യോഗിക കത്തുകളയച്ചു. പൊലീസ് മേധാവിയിൽനിന്ന് ചീഫ്സെക്രട്ടറി കേസും അന്വേഷണവുമില്ലെന്ന റിപ്പോർട്ട് ശേഖരിച്ചെങ്കിലും കേന്ദ്രത്തിന് അയച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ ക്ലിയറൻസ് ലഭിച്ചാലേ യോഗേഷിന്റെ നിയമനഫയൽ സെൻട്രൽ വിജിലൻസ് കമ്മിഷന് അയയ്ക്കാനാവൂ. താത്കാലിക ഡയറക്ടറായിരുന്ന റവന്യു സർവീസ് ഉദ്യോഗസ്ഥൻ രാഹുൽ നവീന് ഇ.ഡി ഡയറക്ടറുടെ ചുമതല നൽകിയിരിക്കുകയാണ്. സി.ബി.ഐ മേധാവി പ്രവീൺസൂദിനും കാലാവധി നീട്ടിനൽകി. സെപ്തംബറിൽ സി.ഐ.എസ്.എഫ് മേധാവിയുടെയും നവംബറിൽ ബി.എസ്.എഫ് മേധാവിയുടെയും കാലാവധി കഴിയും.

പൊലീസ് മേധാവി പട്ടികയിലും

അടുത്ത പൊലീസ് മേധാവിയാകാനുള്ളവരുടെ കേന്ദ്രപട്ടികയിൽ മൂന്നാമതായി യോഗേഷുണ്ടാവും. രാഷ്ട്രീയക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വൻ അഴിമതികൾ പിടികൂടിയതിനു പിന്നാലെ ഇദ്ദേഹത്തെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതോടെയാണ് കേന്ദ്രത്തിലേക്ക് പോവാൻ തീരുമാനിച്ചത്.