24 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ റെയിൽവേ
പാലക്കാട്: ട്രെയിൻ യാത്ര തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പേ റിസർവേഷൻ ചാർട്ട് അന്തിമമാക്കുന്ന സംവിധാനം അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. സീറ്റ് കൺഫർമേഷൻ, വെയ്റ്റിംഗ് ലിസ്റ്റ് സ്ഥിരീകരിക്കുന്ന ചാർട്ട് നിലവിൽ ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് തയ്യാറാക്കുന്നത്. പുതിയ പദ്ധതി വിജയിച്ചാൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റിന്റെ സ്റ്റാറ്റസ് ഒരുദിവസം മുമ്പേ അറിയാനാകും. ഇത് ടിക്കറ്റ് റദ്ദാക്കാനോ വീണ്ടും ബുക്ക് ചെയ്യാനോ അല്ലെങ്കിൽ മറ്റ് യാത്രാ മാർഗങ്ങൾ കണ്ടെത്താനോ ആവശ്യത്തിന് സമയം നൽകും.
മാറ്റങ്ങൾ ഇത്തരത്തിൽ
രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ പുരോഗതി അനുസരിച്ച്, സംവിധാനം രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. നിലവിൽ, ഇന്ത്യൻ റെയിൽവേ രണ്ട് ചാർട്ടുകളാണ് തയ്യാറാക്കുന്നത്. ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പും രണ്ടാമത്തേത് പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പും. ഈ രണ്ട് ഘട്ടങ്ങളിലുള്ള പ്രക്രിയ ഒഴിവാക്കി, 24 മണിക്കൂർ മുമ്പ് തയ്യാറാക്കുന്ന ഒറ്റ അന്തിമ ചാർട്ടിലേക്ക് മാറാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. എന്നാൽ, ഇതിന് തത്സമയ അപ്ഡേറ്റുകളും കൃത്യമായ ഏകോപനവും പ്രധാനമാണ്.
പ്രയോജനങ്ങൾ
വെയ്റ്റിംഗ് ലിസ്റ്റിലുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ആർക്കും അവസാനനിമിഷം വരെ അവരുടെ പി.എൻ.ആർ പുതുക്കിക്കൊണ്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയാം. ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ അവസാന നിമിഷം മറ്റൊരു ട്രെയിനോ ബസോ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ യാത്ര പൂർണമായും റദ്ദാക്കേണ്ട അവസ്ഥയും ഉണ്ടായേക്കാം. എന്നാൽ, 24 മണിക്കൂർ മുമ്പ് വിവരം ലഭിക്കുന്നതിലൂടെ ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ ബദൽ യാത്രാ മാർഗങ്ങൾ കണ്ടെത്താൻ സമയം ലഭിക്കും. സ്റ്റേഷനുകളിലെ, പ്രത്യേകിച്ച് ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽനിന്ന് കയറുന്ന ആളുകളുടെ അവസാന നിമിഷത്തെ സമ്മർദ്ദം ഇതിലൂടെ കുറയും.
പ്രതിസന്ധികൾ
ഒന്നിലധികം ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കും സ്റ്റേഷനുകൾക്കുമിടയിൽ തത്സമയ ഏകോപനം റെയിൽവേ ഉറപ്പാക്കേണ്ടതുണ്ട്. ചാർട്ട് തയ്യാറാക്കിയ ശേഷം ആരെങ്കിലും റദ്ദാക്കിയാൽ എന്തു സംഭവിക്കും? അവസാന നിമിഷത്തെ ബുക്കിംഗുകളും അപ്ഡേറ്റുകളും എങ്ങനെ കൈകാര്യം ചെയ്യും? ഇത്തരം ചോദ്യങ്ങൾക്ക് പരിഹാരം എന്താണെന്ന് കണ്ടറിയണം.