50 ആണ്ടിന്റെ നിറവിൽ ഗുരുവന്ദനം ഒരുക്കി സർജിക്കൽ ഗ്യാസ്ട്രോ
തിരുവനന്തപുരം: അര നൂറ്റാണ്ട് പൂർത്തിയാക്കിയ മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മുൻഗാമികൾക്ക് നിറപ്പകിട്ടാർന്ന ആദരമൊരുക്കി. പരിമിതമായ സൗകര്യങ്ങളിൽ നിന്ന് ചികിത്സാരംഗത്ത് ശ്രദ്ധേമായ മുന്നേറ്റം നടത്തിയ വിഭാഗത്തിന് അടിത്തറപാകിയ ശില്‌പികളെയാണ് ഇന്നലെ ആദരിച്ചത്. രാജ്യത്തെ ആദ്യ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗമാണിത്. ആദ്യ മേധാവിയായ ഡോ.രാജന്റെ ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
മുൻഗാമികൾക്ക് പ്രശംസാപത്രം നൽകിയും പൊന്നാട ചാർത്തിയും പൂർവിദ്യാർത്ഥികൾ ആദരിച്ചു. സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിലെ പ്രൊഫ.ആനന്ദകുമാർ,പ്രൊഫ.മാത്യു കോശി,പ്രൊഫ.എൻ.ശുഭലാൽ,പ്രൊഫ.എ.പി.കുരുവിള,പ്രൊഫ.പി.ബോണി നടേഷ്,അനസ്തേഷ്യോളജിയിലെ പ്രൊഫ.വി.മഹാദേവൻ,പ്രൊഫ.ഗോപാലകൃഷ്ണൻ,പ്രൊഫ.പങ്കജം,മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിലെ പ്രൊഫ.എം.നരേന്ദ്രൻ, പ്രൊഫ.കെ.ടി.ഷേണായ്, പ്രൊഫ.കെ.ആർ.തങ്കപ്പൻ, പ്രൊഫ.കെ.ആർ.വിനയകുമാർ,ജനറൽ സർജറിയിലെ പ്രൊഫ.പി.എ.തോമസ്,പ്രൊഫ.കെ.എൻ.വിജയൻ,സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിലെ ആദ്യജീവനക്കാരായ പ്രൊഫ.ബാലചന്ദ്രൻനായർ,ഡോ.സോദരി തോമസ്,ഡോ.വി.വേണു തുടങ്ങിയവരെയാണ് ആദരിച്ചത്.
കേരളത്തിനക്കത്തും പുറത്തും ആരോഗ്യരംഗത്ത് നിർണായക സാന്നിദ്ധ്യമായിമാറിയ പൂർവവിദ്യാർത്ഥികൾക്ക് ഗുരുക്കൻമാർ ഉപഹാരം നൽകി അനുമോദിച്ചു. സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ എം.സി.എച്ച് കോഴ്സ് പൂർത്തിയാക്കിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 35 ഡോക്ടർമാരും ചടങ്ങിൽ പങ്കെടുക്കാനെത്തി. മന്ത്രി വീണാ ജോർജ് ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഓൺലൈനായി സന്ദേശം നൽകി. സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ.രമേശ് രാജൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌പെഷ്യൽ ഓഫീസർ ഡോ.പ്രേമലത ഭദ്രദീപം തെളിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജയചന്ദ്രൻ, എസ്.എ.ടി സൂപ്രണ്ട് ഡോ.ബിന്ദു, പ്രിൻസിപ്പൽ ഇൻ ചാർജ് മിനി എന്നിവർ പങ്കെടുത്തു. വാർഷികത്തിന്റെ ഭാഗമായുള്ള തുടർവിദ്യാഭ്യാസ പരിപാടി ഇന്ന് സമാപിക്കും. നഴ്സിംഗ്, പാരാമെഡിക്കൽ, ബയോമെഡിക്കൽ വിഭാഗങ്ങളിലെ വിരമിച്ചവരും പരിപാടിയിൽ പങ്കെടുത്തു.