നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന
മലപ്പുറം: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നിലമ്പൂരിലും പെട്ടി വിവാദം. ഷാഫി പറമ്പിൽ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവർ സഞ്ചരിച്ച കാർ വെള്ളിയാഴ്ച രാത്രി പത്തിന് വടപുറത്ത് തടഞ്ഞ് പൊലീസ് പരിശോധിച്ചതാണ് രാഷ്ട്രീയ പോരിന് തുടക്കമിട്ടത്. സി.പി.എം നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കാത്ത പൊലീസ് കോൺഗ്രസുകാരെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ആസൂത്രിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അനാവശ്യ വിവാദങ്ങൾ ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ വഴിതിരിച്ച് വിടുകയാണെന്നും
സി.പി.എം നേതാക്കളുടെ വാഹനങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സി.പി.എം വാദിക്കുന്നു.
ഷാഫി പറമ്പിലിന്റെ കാറിലായിരുന്നു നേതാക്കൾ യാത്ര ചെയ്തിരുന്നത്. പെട്ടികൾ പൊലീസ് തുറന്ന് പരിശോധിച്ചെങ്കിലും വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. പൊട്ടിമുളച്ചിട്ട് എം.എൽ.എയും എം.പിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പിൽ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സി.പി.എമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്നും സർവീസിനുള്ള പാരിതോഷികം തരാം, ഓർത്ത് വച്ചോ എന്നും ഉദ്യോഗസ്ഥരോട് രാഹുൽ കയർക്കുന്നുണ്ട്.
പൂർണമായി സഹകരിച്ചെന്ന് ഷാഫി
പെട്ടി പുറത്തെടുക്കുംവരെ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നെന്നും തുറന്നശേഷം ദൃശ്യങ്ങൾ പകർത്താത്തതിനാൽ അങ്ങോട്ട് ആവശ്യപ്പെട്ടുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പൂർണമായി സഹകരിച്ചുവെന്നും പുറത്തേക്ക് എടുത്ത പെട്ടി തുറക്കാതെ അകത്ത് വയ്ക്കാൻ പറഞ്ഞപ്പോഴാണ് പ്രതികരിച്ചതെന്നും നിർബന്ധിച്ചപ്പോഴാണ് പരിശോധിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
എല്ലാവരുടെയും വാഹനങ്ങൾ പരിശോധിക്കുമെന്നും ഇടത് എം.പി കെ.രാധാകൃഷ്ണന്റെ വാഹനവും പരിശോധിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ അവരുടെ ജോലി ചെയ്യുന്നതിൽ അത്ഭുതമില്ലെന്നും എൽ.ഡി.എഫുകാരുടെ വാഹനവും പരിശോധിച്ചിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വാഹന പരിശോധന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്രമമാണെന്നും അതിൽ സർക്കാരിന് പങ്കില്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ മനസിലായില്ലെന്നാണ് പരിശോധനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞത്.