ഉറ്റവരെ ആശ്വസിപ്പിക്കാൻ മോഹൻലാൽ അമൃതാനന്ദമയി മഠത്തിൽ

Sunday 15 June 2025 1:12 AM IST

കൊല്ലം: അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാൻ അമൃതാനന്ദമയി മഠത്തിലെത്തി നടൻ മോഹൻലാൽ. അമ്മാവന്റെ മരണസമയത്ത് വിദേശത്തായിരുന്ന മോഹൻലാൽ നാട്ടിലെത്തിയ ഉടൻ ബന്ധുക്കളെ കാണാൻ ആശ്രമത്തിലെത്തുകയായിരുന്നു.

ചലച്ചിത്ര നിർമ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരിനൊപ്പം എത്തിയ മോഹൻലാലിനെ മുതിർന്ന സന്യാസിമാർ സ്വീകരിച്ചു. കഴിഞ്ഞ 7ന് പുലർച്ചെയായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനായ ഗോപിനാഥൻ നായർ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചത്. ഗോപിനാഥൻ നായരുടെ ഭാര്യ രാധാഭായി, മകൾ ഗായത്രി, മരുമകൻ രാജേഷ്, ചെറുമകൾ ദേവിക എന്നിവരെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജർ കൂടിയായിരുന്ന ഗോപിനാഥൻ നായരുടെ സംസ്കാര ചടങ്ങുകൾ മാതാ അമൃതാനന്ദമയിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു നടന്നത്. ഗോപിനാഥൻ നായരാണ് സഹോദരി ശാന്തകുമാരിയുടെ മകന് മോഹൻലാൽ എന്ന പേര് നൽകിയത്. മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം വാങ്ങിയശേഷമാണ് മോഹൽലാൽ മടങ്ങിയത്.