സുകാന്തുമായി പൊലീസ് രാജസ്ഥാനിലേയ്ക്ക്
തിരുവനന്തപുരം:വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി സുകാന്ത് സുരേഷിനെ (31) തെളിവെടുപ്പിനായി പേട്ട പൊലീസ് രാജസ്ഥാനിലേക്ക്കൊണ്ടുപോയി. പത്ത് ദിവസത്തേയ്ക്കാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. രാജസ്ഥാനിലെ ജോദ്പൂരിലും ഉദയ്പൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ജോദ്പൂരിലെ പരിശീലന കാലയളവിലാണ് ഐ.ബി ഉദ്യോഗസ്ഥയുമായി സുകാന്ത് പരിചയപ്പെടുന്നത്. ഉദയ്‌പൂരിൽ വച്ചാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. തുടർന്ന് ചെന്നൈയിലും കൊച്ചിയിലെ ഫ്ളാറ്റിലുമെത്തിച്ച് തെളിവെടുക്കും. ഇവിടങ്ങളിൽ വച്ചും പീഡിപ്പിച്ചിരുന്നു. എമിഗ്രേഷൻ അസിസ്റ്റന്റായ മറ്റൊരു യുവതിയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വിവാഹം വാഗ്ദാനം നൽകി ഇവരെയും പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഐ.എ.എസ് പരിശീലന ക്ലാസ് നടത്തിയിരുന്നപ്പോൾ മറ്റൊരു യുവതിയെ സമാനരീതിയിൽ പീഡിപ്പിച്ചിരുന്നതായും പേട്ട പൊലീസ് പറയുന്നു.