കാശ്‌മീർ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ നടപടികൾ

Sunday 15 June 2025 12:31 AM IST

കൊച്ചി: പഹൽഗാം ആക്രമണത്തിനുശേഷം നിർജീവമായ കാശ്‌മീർ വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാൻ ട്രാവൽ ഏജന്റുമാർ രാജ്യവ്യാപകമായി പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നു. സഞ്ചാരികൾക്ക് സുരക്ഷിതത്വവും അവിസ്‌മരണീയവുമായ അനുഭവവും ഒരുക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള കേരളത്തിൽ നിന്നുൾപ്പെടെയുള്ള ട്രാവൽ ഏജന്റുമാർക്ക് ഉറപ്പുനൽകി.

സഞ്ചാരികളുടെ ആശങ്ക അകറ്റാൻ ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ടി.എ.എ.ഐ) സംഘടിപ്പിച്ച 'റാലി ഫോർ ദ വാലി" പരിപാടിയിലാണ് തീരുമാനം. കേരളത്തിൽനിന്ന് 17പേർ പങ്കെടുത്തു. സഞ്ചാരികളെ വീണ്ടും ആകർഷിക്കാൻ പുതിയപദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണെന്ന് ശ്രീനഗറിൽ ടി.എ.എ.ഐ ഭാരവാഹികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. കാശ്‌മീരിലെ വിനോദസഞ്ചാര വ്യവസായ സംരംഭകരും പങ്കെടുത്തു.

കാശ്‌മീരികളുടെ പ്രധാന ജീവനോപാധി കൂടിയായതിനാൽ ടൂറിസം ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ടി.എ.എ.ഐ ദേശീയ പ്രസിഡന്റ് സുനിൽകുമാർ പറഞ്ഞു. അടുത്ത സീസൺ ആരംഭിക്കുന്ന സെപ്‌തംബർ മുതൽ സഞ്ചാരികളെ എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാശ്‌മീർ സുരക്ഷിതമാണെന്ന് പരിപാടിയിൽ പങ്കെടുത്ത ടി.എ.എ.ഐ കേരളഘടകം സെക്രട്ടറി അഷ്‌റഫ് കുന്നുമ്മൽ കേരളകൗമുദിയോട് പറഞ്ഞു. ഭീകരാക്രമണമുണ്ടായ പഹൽഹാമിന് പുറമെ ലാൽചൗക്ക്, ഗുൽമാർഗ് തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

കാശ്‌മീരിനായി

* സെപ്‌തംബർവരെ രാജ്യവ്യാപക പ്രചാരണം

* പ്രമുഖ നഗരങ്ങളിൽ റോഡ് ഷോകൾ

* പ്രത്യേക ടൂറിസം പാക്കേജുകൾ

* ദക്ഷിണേന്ത്യൻ സഞ്ചാരികൾക്ക് മുൻഗണന

* നിരക്കിളവിന് വിമാനക്കമ്പനികളുമായി ചർച്ച

* തെറ്റിദ്ധാരണ നീക്കാൻ ബോധവത്കരണം