നീറ്റ് 2025 റിസൾട്ടിനു ശേഷം 

Sunday 15 June 2025 12:00 AM IST

നീറ്റ് യു.ജി 2025 പരീക്ഷാഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 22 .7 ലക്ഷം വിദ്യാർത്ഥികളാണ് മേയ് നാലിനു നടന്ന പരീക്ഷ എഴുതിയത്. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ റാങ്ക് വിലയിരുത്തിയാണ് മെഡിക്കൽ, ഡെന്റൽ, അലൈഡ് ഹെൽത്ത്( ആയുർവേദ,ഹോമിയോപ്പതി, സിദ്ധ, യൂനാനി ) അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്,കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ഫോറസ്ട്രി, ബയോടെക്നോളജി, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ് കോഴ്സുകൾക്ക് അഡ്മിഷൻ നൽകുന്നത്.

2025ലെ നീറ്റിന്റെ കട്ട് ഓഫ് മാർക്ക് പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 50 പെർസെൻറ്റിൽ, അതായത് 720 ൽ 144 മാർക്കാണ്. ഒ.ബി.സി, ജനറൽ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്കും 127 ഉം, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും, ഈ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും 40 പെർസെൻറ്റിൽ- 113 മാർക്കുമാണ്.

നീറ്റ് റിസൾട്ട് www. neet.nta.nic.in ൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.

12.36 ലക്ഷം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ സ്കോർ കാർഡിൽ ഓൾ ഇന്ത്യ റാങ്ക്, കാറ്റഗറി റാങ്ക് എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഉത്തര സൂചികയും എൻ.ടി.എ പ്രസിദ്ധീകരിച്ചു.

നീറ്റ് 2025 പരീക്ഷാഫലം വന്നതോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും മുൻ വർഷങ്ങളിലെ റാങ്ക് വിലയിരുത്തി ഏത് കോഴ്‌സിന് അഡ്‌മിഷൻ ലഭിക്കുമെന്ന ആകാംക്ഷയിലാണ്.

കൗൺസലിംഗ് പ്രക്രിയയ്ക്കുള്ള നടപടികൾ ജൂൺ അവസാന വാരത്തിൽ ആരംഭിക്കും. സർക്കാർ, ഡീംഡ് യൂണിവേഴ്‌സിറ്റികൾ, ഇ.എസ്.ഐ അടക്കമുള്ള അഖിലേന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട, മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം മുതലായവയ്ക്ക് പ്രത്യേക ഓൺലൈൻ കൗൺസലിംഗ് പ്രക്രിയകളുണ്ട്. സംസ്ഥാനത്ത് നീറ്റ് സ്കോർ വിലയിരുത്തി പ്രൊഫഷണൽ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാൻ പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്‌സൈറ്റിലേക്ക് സ്കോർ കാർഡ് അപ്‌ലോഡ് ചെയ്യണം. തുടർന്ന് പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൗൺസലിംഗിനായി പ്രത്യേക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കും താത്പര്യമുള്ളവർക്ക് അപേക്ഷിച്ച് കൗൺസലിംഗ് പ്രക്രിയയിൽ പങ്കെടുക്കാം. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ നീറ്റ് സ്കോർ കുറവാണ്. ഇനി വരുന്ന ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നോട്ടിഫിക്കേഷനും പുറത്തിറങ്ങും.