മലയാളം മീഡിയത്തിൽ പഠിച്ച ദീപ്‌നിയ നാടിന്റെ അഭിമാനം
പേരാമ്പ്ര : ഒന്നാം ക്ലാസ് മുതൽ പ്ലസ്ടുവരെ മലയാളം മീഡിയത്തിൽ പഠിച്ച ദീപ്‌നിയ നീറ്റ് പരീക്ഷയിൽ നേടിയ റാങ്ക് നാടിന് അഭിമാനമായി. ആവള ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ദിനേശന്റെയും അദ്ധ്യാപിക ബിജിയുടെയും മകളാണ്.
ഒരു വർഷം പൂർണമായും നീറ്റ് പഠനത്തിന് വിനിയോഗിച്ച ദീപ്‌നിയ മൊബൈൽ ഫോൺ ഒഴിവാക്കിയിരുന്നു. കോച്ചിംഗ് ക്ലാസിൽ അന്നന്ന് പഠിപ്പിക്കുന്നത് കൃത്യമായി പഠിച്ചു. പരീക്ഷകളിൽ തെറ്റുപറ്റിയ ഭാഗങ്ങൾ വീണ്ടും വീണ്ടും പഠിച്ചു. ചെറിയ നോട്ടുകൾ ഉണ്ടാക്കി സ്റ്റഡി ഹാളിൽ ഒട്ടിച്ചുവച്ചു. കൃത്യമായി റിവിഷൻ ചെയ്തു. ദിവസേന 12 മണിക്കൂറാണ് പഠനത്തിനായി മാറ്റിവച്ചത്. സമ്മർദ്ദം കുറയ്ക്കാൻ കണ്ടെത്തിയ മാർഗം ഇഷ്ടത്തോടെ പഠിക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാതെ പഠിച്ചാൽ ഫലം വരുമെന്ന് ദീപ്‌നിയ ഉറച്ചു വിശ്വസിച്ചു. പാലാ ബ്രില്ല്യൻസ് കോളേജിലാണ് പഠിച്ചത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസരചനയിൽ എ ഗ്രേഡും മാത്‌സ് ടാലന്റ് സെർച്ച് എക്‌സാമിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. അക്ഷരോത്സവം ഉൾപ്പെടെ നിരവധി പരിപാടികളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.