ജമാഅത്തെ ഇസ്ലാമി ലീഗ് അകറ്റി നിറുത്തിയ വിഭാഗം: മുഖ്യമന്ത്രി

Sunday 15 June 2025 1:04 AM IST

മലപ്പുറം: മുസ്ലിം ലീഗ് എന്നും അകറ്റി നിറുത്തിയ വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴിക്കടവിലും എടക്കരയിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ജനവിഭാഗത്തിലെ ഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമിയെ പുറംതള്ളി. എല്ലാ മുസ്ലിം സംഘടനകളുടെ യോഗത്തിലും പങ്കെടുക്കാറുള്ള സി.എച്ച്.മുഹമ്മദ് കോയ ജമാ അത്തെ ഇസ്ലാമിയുടെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല.

ജമാഅത്തെ ഇസ്ലാമി രാജ്യത്ത് എന്താണെന്ന് എല്ലാവർക്കുമറിയാം. കാശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ യൂസഫ് തരിഗാമി പരാജയപ്പെടണമെന്ന് നിർബന്ധമുള്ള ബി.ജെ.പിയെ സഹായിച്ച് രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. യു.ഡി.എഫിന് തൽക്കാലം ആവശ്യം നാല് വോട്ടെങ്കിലും അധികം കിട്ടുക എന്നുള്ളതാണ്. എന്നാൽ, ഒരു വർഗീയ ശക്തികളുടെയും പിന്തുണ എൽ.ഡി.എഫിന് ആവശ്യമില്ല. നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന മുന്നണിയല്ല എൽ.ഡി.എഫ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഒരു വഞ്ചകന്റെ പ്രവർത്തനഫലമായി അടിച്ചേൽപ്പിച്ചതാണ്. നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ മാപ്പ് നൽകുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.