പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്. പ്രവേശനം നാളെയും 17നുമായി നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്നവരെല്ലാം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനം നേടാതിരുന്നാൽ തുടർനടപടികളിൽ നിന്നു പുറത്താകും. രണ്ടാം അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ആകെ 2,42,688 പേരാണ് പ്രവേശനം നേടിയത്. മൂന്നാം അലോട്ട്‌മെന്റിനായി മെരിറ്റിൽ 93,594 സീറ്റുകൾ ശേഷിക്കുന്നുണ്ട്. ഒഴിഞ്ഞു കിടക്കുന്ന സംവരണസീറ്റുകളും ജനറലിലേക്ക് മാറ്റിയാകും അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.