@ ലിയോ മെട്രോ ആശുപത്രിയ്ക്ക് അഭിമാന നേട്ടം പിഞ്ചുകുഞ്ഞുങ്ങളിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം

Sunday 15 June 2025 12:21 AM IST
കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിലെ ഡോക്ടർമാരും ജീവനക്കാരും ലിയോ മെട്രോ കാർഡിയാക് സെന്റർ ഹെഡ് അഡ്മിനിസ്‌ട്രേഷൻ ടി പി വി രവീന്ദ്രനോടൊപ്പം

കൽപ്പറ്റ: ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ഭാഗത്തെ ദ്വാരം അടഞ്ഞുപോയ പിഞ്ചുകുഞ്ഞുങ്ങൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തി കൽപ്പറ്റ ലിയോ മെട്രോ. വയനാട്ടിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. സങ്കീർണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയകളാണ് വിജയത്തിലെത്തിച്ചത്. ഗൂഢലൂരിൽ നിന്നുള്ള 8 മാസം പ്രായമായ കുഞ്ഞിന്റെ (പി ഡി എ ) രണ്ട് വലിയ രക്തകുഴലുകളിലുള്ള ദ്വാരം അടക്കൽ, കണിയാമ്പറ്റയിൽ നിന്നുള്ള ഒരു വയസ് പ്രായമായ കുഞ്ഞിന്റെ (വി എസ് ഡി ) ഹൃദയത്തിന്റെ താഴെ ഭാഗത്തുള്ള രണ്ട് അറകൾക്കിടയിലുള്ള ദ്വാരം അടക്കൽ എന്നിയവയാണ് നടത്തിയത്. 3.50 ലക്ഷം മുതൽ 4 ലക്ഷം വരെ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് 50,000 രൂപ മാത്രമാണ് രക്ഷിതാക്കൾ നൽകേണ്ടിവന്നത്. പീഡിയാട്രിക് ഇന്റർവെൻഷനൽ കാർഡിയോളോജിസ്റ്റ് ഡോ. മുഹമ്മദ് കമറൺ ,സീനിയർ കാർഡിയോളിജിസ്റ്റുകളായ ഡോ. ബൈജുസ്, ഡോ. ജ്യോതിഷ് വിജയ്, അനസ്തറ്റിസ്റ്റായ ഡോ.ശ്രീഹർഷ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്ന് ലിയോ ഹോസ്പിറ്റൽ ലിയോ മെട്രോ കാർഡിയാക് സെന്റർ ഹെഡ് അഡ്മിനിസ്‌ട്രേഷൻ ടി.പി .വി രവീന്ദ്രൻ പറഞ്ഞു. രണ്ട് കുഞ്ഞുങ്ങളും സുഖം പ്രാപിച്ചു വരുന്നു.

അഭിമാനകരമായ നിമിഷം:

ഡോ. ടി .പി .വി സുരേന്ദ്രൻ

കൽപ്പറ്റ ലിയോ മെട്രോയിൽ നടന്നത് അഭിമാനകരമായ ശസ്ത്രക്രിയയാണെന്ന് ലിയോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ടി .പി .വി സുരേന്ദ്രൻ 'കേരളകൗമുദി'യോട് പറഞ്ഞു. സാധാരണ ഹൃദയത്തിന്റെ വലത്തെമേലെ അറയിൽ നിന്ന് (ഏട്രിയം) ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന പൾമനറി ആർട്ടറിയും ഇടത്തെ കീഴേ അറയിൽ നിന്ന് (വെൻട്രിക്കിൾ ) പുറപ്പെടുന്ന അയോർട്ട യുമായി ബന്ധിപ്പിക്കുന്ന പി ഡി എ (പേറ്റൻട് ഡക്ടസ് ആർട്ടീരിയോസസ് ) ജനിക്കുമ്പോൾ തന്നെ അടഞ്ഞുപോകാറുണ്ട്. വളരെ അപൂർവം കുട്ടികൾക്ക് ഇത് അടഞ്ഞുപോകാറില്ല . പണ്ടൊക്കെ നെഞ്ചു കീറിയുള്ള ഓപ്പറേഷനായിരുന്നു ചെയ്യാറുള്ളത്. പുതിയ സാങ്കേതിക വിദ്യ പ്രകാരം ജനറൽ അനസ്തീഷ്യയിൽ തുടയിൽ ചെറിയ ഒരു ഇൻസിഷ്യനിൽ കൂടി കത്തീറ്റർ ഇൻസർട്ട് ചെയ്ത് ദ്വാരം അടക്കുന്ന രീതിയാണ് ലിയോ മെട്രൊ കാത്ത് ലാബിൽ ഡോ.കമറൺ ചെയ്തതെന്ന്‌ ഡോ. ടി .പി. വി സുരേന്ദ്രൻ പറഞ്ഞു.