കണ്ണടച്ച് ചിന്നക്കടയിലെ 'നിദ്ര' നൈറ്റ് ഷെൽട്ടർ!

Sunday 15 June 2025 12:15 AM IST
ചിന്നക്കടയ്ക്ക് സമീപം സി.എൻ നഗറിലെ അങ്കണവാടിക്ക് മുകളിലുള്ള നിദ്ര നൈറ്റ് ഷെൽട്ടർ അടഞ്ഞു കിടക്കുന്ന നിലയിൽ

കൊല്ലം: ചിന്നക്കടയിൽ ആരംഭിച്ച 'നിദ്ര' നൈറ്റ് ഷെൽട്ടർ പേര് അന്വർത്ഥമാക്കും വിധം ഉറക്കത്തിൽ! അഗതികളായ സ്ത്രീകൾക്കുള്ള രാത്രികാല വിശ്രമ കേന്ദ്രമെന്ന നിലയിലാണ് കോർപ്പറേഷൻ മുൻകൈയെടുത്ത് നൈറ്റ് ഷെൽട്ടർ സ്ഥാപിച്ചത്.

കോർപ്പറേഷന്റെ കന്റോൺമെന്റ് നോർത്ത് ഡിവിഷനിൽ സി.എൻ നഗറിലെ 119-ാം നമ്പർ അങ്കണവാടിയുടെ മുകളിലത്തെ നിലയിലാണ് ഇതിനായി സൗകര്യം ഒരുക്കിയത്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്. ആവശ്യമായ കട്ടിലുകളും മെത്തയും തലയിണയുമടക്കം എത്തിച്ചു. ഫാനും മറ്റ് സൗകര്യങ്ങളുമുണ്ട്. ടോയ്‌ലെറ്റ് സംവിധാനവുമുണ്ട്. കൊവിഡ് കാലത്ത് കുറച്ചു ദിവസങ്ങളിൽ തുറന്നിരുന്നു. കൊവിഡ് നിരീക്ഷണ കാലയളവിൽ നിർദ്ദേശിക്കപ്പെട്ട ചിലരെ ഇവിടെ താമസിപ്പിച്ചു.

കൊവിഡിന് ശേഷം നൈറ്റ് ഷെൽട്ടർ തുറന്നിട്ടില്ല. ഷെൽട്ടറായി ഇവിടം പ്രവർത്തിപ്പിക്കണമെങ്കിൽ ജീവനക്കാരും സുരക്ഷാ സംവിധാനങ്ങളും വേണം. എന്നാൽ ഇത്തരമൊരു കേന്ദ്രം നിർമ്മിച്ച കാര്യം പോലും അധികൃതർ മറന്നമട്ടാണ്.