കേരളതീരത്ത കപ്പലപകടങ്ങളിൽ സമഗ്ര അന്വേഷണം വേണം
കൊല്ലം: കേരള തീരത്തോട് ചേർന്ന് പത്ത് ദിവസങ്ങൾക്കിടയിൽ രണ്ട് വൻ കപ്പലപകടങ്ങൾ ഉണ്ടായതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുകയും കൂടുതൽ കപ്പലുകൾ വിഴിഞ്ഞം തുറമുഖം വഴി കേരള അതിർത്തിയിലൂടെ പോകുന്നതും കപ്പലപകടങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. രണ്ട് കപ്പലുകൾക്കെതിരെയും ഏറ്റവും കൂടുതൽ നഷ്ടപരിഹാരം കിട്ടുംവിധമുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ രക്ഷാധികാരി ഫാ. ഡോ.ഒ.തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ചെയർമാൻ എസ്.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ പി.ജയദേവൻ നായർ, സുബൈർ വള്ളക്കടവ്, കെ.എം.സോണി, രാജേഷ് മട്ടത്തിൽ, സുരേഷ് കുമാർ, ഡോ. പത്മകുമാർ, എസ്.അശോക് കുമാർ, മോഹനൻ, ഷൈലജ തുടങ്ങിയവർ സംസാരിച്ചു.