പുത്തൂർ പാർക്ക് പവറാകും..., 90 ശതമാനം വെെദ്യുതിയും സാേളാറിൽ, ഇന്ത്യയിലാദ്യം
തൃശൂർ: ഇന്ത്യയിലാദ്യമായി ഏതാണ്ട് പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്കായ പുത്തൂർ സുവോളജിക്കൽ പാർക്ക് സെപ്തംബറോടെ തുറന്നുകൊടുക്കും. അവസാനഘട്ട നിർമ്മാണത്തിലെത്തിയ പാർക്കിന് വേണ്ട 90 ശതമാനം വൈദ്യുതിയും ലഭ്യമാക്കുന്നത് സാേളാർ പ്ലാന്റ് വഴി. 300 കിലോവാട്ടിന്റെ സോളാർ പ്ലാന്റാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 100 കിലോവാട്ടിന്റെ പ്ലാന്റ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കും.
പാമ്പുകൾ, അപൂർവയിനം വവ്വാലുകൾ,ഉടുമ്പ് തുടങ്ങി രാത്രികാല ജീവികളെ അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ കാണാനാവുന്ന ബയോഡൈവേഴ്‌സിറ്റി സെന്റർ അടക്കമുള്ള ഇടങ്ങളിലാണ് കൂടുതൽ വൈദ്യുതി ആവശ്യം. ജലവിതരണം, ട്രീറ്റ്മെന്റ് പ്ലാന്റ് അടക്കമുള്ള ഇടങ്ങളിലും വൈദ്യുതി ഉപയോഗം കൂടും. സൗരോർജം ഏറെ ലഭിക്കാനിടയുള്ള വനമേഖലയോട് ചേർന്ന സ്ഥലമാണ് പുത്തൂർ. ഭാവിയിൽ സിയാൽ മാതൃകയിൽ സോളാർ സംവിധാനം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. പാർക്കിലൂടെയുള്ള നടപ്പാതയ്ക്ക് അരികിലായാണ് സോളാർ സ്ഥാപിച്ചത്. രാജ്യത്തെ ചില പാർക്കുകളിൽ വഴിവിളക്കുകൾക്കും മറ്റുമായി ചെറിയ സോളാർ പ്ലാന്റുകൾ മാത്രമാണുള്ളത്.
പാർക്കിലുള്ളത്:
- മൃഗങ്ങളെ കാണാനുള്ള സന്ദർശക ഗാലറി
- റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ
- സർവീസ് റോഡുകൾ, ട്രാം റോഡ്
- സന്ദർശക പാതകൾ, ട്രാം സ്റ്റേഷൻ
- കഫ്റ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്
- വിശാലമായ പാർക്കിംഗ് സ്ഥലം
വിസ്തൃതി: 350 ഏക്കർ നിർമ്മാണച്ചെലവ്: 300 കോടിയിലേറെ പാർക്ക് തുറക്കുമ്പോൾ ജീവികൾ : 500 ലേറെ
വിദേശമൃഗങ്ങളും
ഏഷ്യയിൽ വലിപ്പത്തിൽ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയുമായ പുത്തൂർ പാർക്കിലേക്ക് വിദേശമൃഗങ്ങളുമെത്തും. അനാക്കോണ്ട അടക്കമുള്ളവയെ എത്തിക്കാൻ നടപടികളായി. ഇതിന് ആറു മാസമെടുക്കും. നാലു സംസ്ഥാനങ്ങളിലെ മൃഗങ്ങളെയും എത്തിക്കും. കർണാടകയിൽനിന്ന് മൃഗങ്ങളെ കൈമാറാൻ ധാരണയായി. മൃഗങ്ങളുടെ വിശദമായ പട്ടിക ഒരു മാസത്തിനകം തയാറാക്കും. കടുവ,കരടി,കാട്ടുനായ,പുലി,ജിറാഫ്,കാട്ടുപോത്ത് തുടങ്ങിയവയെ ലഭിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ,കെ.രാജൻ എന്നിവർ കർണാടക വനം മന്ത്രി ഈശ്വർ ഖൊൻഡ്രെയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
സോളാർ പവർ പ്ലാന്റ് പാർക്കിന്റെ ഊർജ ആവശ്യങ്ങൾക്ക് ഏറെ സഹായകമാകും.
-ബി.എൻ.നാഗരാജ്, പാർക്ക് ഡയറക്ടർ