എക്സ് ഒഫിഷ്യോ സെക്രട്ടറി: ചട്ടഭേദഗതിക്ക് വിജ്ഞാപനമായി

Sunday 15 June 2025 12:50 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി റൂൾസ് ഒഫ് ബിസിനസ് ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കി. സർക്കാരിന്റെ എല്ലാ ഉത്തരവുകളിലും ഒപ്പിടാൻ എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമുണ്ട്. സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് വിജ്ഞാപനമിറക്കിയത്. ശാസ്ത്ര, സാങ്കേതിക വകുപ്പിലും കിഫ്ബിയിലും ഇനവേഷൻ കൗൺസിലിലും ആസൂത്രണ വകുപ്പിലും എക്സ് ഒഫിഷ്യോ സെക്രട്ടറിമാരുണ്ട്. ഭേദഗതിയിലൂടെ ഈ തസ്തികകൾക്കെല്ലാം നിയമപ്രാബല്യമായി. എക്സ് ഒഫിഷ്യോ സെക്രട്ടറിയുടേത് പുതിയ കാറ്റഗറിയല്ലെന്ന് വിജ്ഞാപനത്തോടൊപ്പമുള്ള വിശദീകരണത്തിൽ പറയുന്നു. കേന്ദ്രത്തിൽ, സർക്കാർ ഉത്തരവുകളിറക്കാൻ എക്സ് ഒഫിഷ്യോ സെക്രട്ടറിമാരെ അധികാരപ്പെടുത്താമെന്നുണ്ട്. ഇതുപ്രകാരമാണ് റൂൾസ് ഒഫ് ബിസിനസ് ഭേദഗതി ചെയ്തത്.