ചെലവ് 823 കോടി രൂപ,​ തലസ്ഥാനത്തെ ഈ പ്രദേശത്തിന്റെ മുഖം മാറും,​ ടെൻഡർ നടപടികൾ രണ്ടു മാസത്തിനുള്ളിൽ

Sunday 15 June 2025 1:05 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ നിർമ്മിതികൾ പൊളിക്കുന്നത് 50 ശതമാനം പൂർത്തിയായി.ബാക്കിയുള്ള പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. 3.7 കി.മീ ദൂരമുള്ള ഒന്നാം റീച്ചിൽ 487 നിർമ്മിതികളാണുള്ളത്. റോഡിന്റെ ഇരുവശങ്ങളും വെവേറെയാണ് ടെൻഡർ ചെയ്തത്.

ഭാരത സർക്കാർ പൊതുമേഖല സ്ഥാപനമായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് പൊളിക്കലിനുള്ള ടെൻഡർ നടപ്പാക്കിയത്. ആകെയുള്ള 487 നിർമ്മിതികളിൽ കോടതിയിൽ കേസ് നിലനിൽക്കുന്ന 11 എണ്ണം ഒഴികെ 476 നിർമ്മിതികൾ പൊളിച്ചുനീക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.രേഖകൾ കൈമാറി നഷ്ടപരിഹാരം കൈപ്പറ്റിയ 355 നിർമ്മിതികൾ പൊളിച്ചു നീക്കുന്നതിനാണ് ആദ്യഘട്ടത്തിൽ കരാർ നൽകിയിരിക്കുന്നത്. റോഡിന്റെ ഇടതുവശം 174 നിർമ്മിതികളും വലതുവശം 181 നിർമ്മിതികളും.വലതുവശത്തെ കരാർ എടുത്ത അൽജസീറ ഫർണിച്ചർ ആൻഡ് സ്ക്രാപ്പ് ഡീലേഴ്സ് എന്ന സ്ഥാപനം 90 ശതമാനവും പൂർത്തീകരിച്ചുകഴിഞ്ഞു. 2 മാസം കൊണ്ട് കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കാൻ കഴിയും.

ഡി.പി.ആർ തയ്യാറായി

ഒന്നും രണ്ടും റീച്ചുകളിലെ റോഡ് വികസനത്തിന്റെ ഡി.പി.ആർ തയ്യാറായിക്കഴിഞ്ഞു. കെട്ടിടങ്ങൾ പൊളിച്ചുതീരുന്ന മുറയ്ക്ക് റോഡ് വികസനത്തിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കും.

823 കോടി - രണ്ട് ഭാഗം


823 കോടി രൂപ കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം,​ പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് പദ്ധതി നടപ്പാക്കുന്നത്.

@ശാസ്തമംഗലം - വട്ടിയൂർക്കാവ്-പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കും.

@റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കും.
പുനരധിവാസ പദ്ധതിക്കായി ട്രിഡ ഏറ്റെടുത്ത സ്ഥലത്തെ നിർമ്മിതികൾ പൊളിച്ചു നീക്കിക്കഴിഞ്ഞു.

@ 89 കോടി രൂപയാണ് പുനരധിവാസ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ചെലവാക്കിയത്.

ഒന്നിനും ഒരു കാലതാമസം ഉണ്ടാകില്ല.റെക്കാഡ് വേഗത്തിൽ പൂർത്തിയാകുന്ന പദ്ധതിയാണിത്.പുനരധിവാസ പദ്ധതി പ്രകാരമുള്ള കെട്ടിട നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിനായി 9.2 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.

വി.കെ. പ്രശാന്ത്, എം.എൽ.എ