കെനിയയിലെ വാഹനാപകടം: അഞ്ചു മലയാളികളുടെ മൃതദേഹങ്ങൾ ഇന്നെത്തിക്കും

Sunday 15 June 2025 1:12 AM IST

കൊച്ചി​: കെനിയയിൽ ബസ് അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.45ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നരവയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.

മൃതദേഹങ്ങളുമായി വരുന്ന ബന്ധുക്കൾക്ക് യെല്ലോഫീവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേകഇളവ് അനുവദിച്ചതി​നാലാണ് ഇന്നുതന്നെ എത്താനാകുന്നത്. ഖത്തർ എയർവേയ്സി​ൽ കൊണ്ടുവരുന്ന മൃതദേഹങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും.

ഖത്തറിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നെയ്റോബിയിൽനിന്ന് 150 കിലോമീറ്റർ അകലെ നെഹ്റൂറുവിൽ മറി​ഞ്ഞായി​രുന്നു അപകടം.

ജസ്നയുടേയും മകൾ റൂഹിയുടേയും മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെയും ലൈലയുടെയും മൂന്നാമത്തെ മകളാണ് ജസ്ന.