മൂന്ന് ചക്രവാതച്ചുഴികളും ശക്തമായ പടിഞ്ഞാറൻ കാറ്റും; കേരളത്തിൽ മഴ ഇനിയും കനക്കും

Sunday 15 June 2025 7:54 AM IST

തിരുവനന്തപുരം: വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. വടക്കൻ ഒഡിഷക്ക് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.