വിമാന ദുരന്തത്തെക്കുറിച്ച് മാസങ്ങൾക്ക് മുമ്പേ പ്രവചിച്ചു, പാസ്റ്റർ വിശ്വാസികൾക്ക്‌ മുന്നറിയിപ്പ് നൽകിയത് രണ്ട് തവണ; വീ‌‌ഡിയോ

Sunday 15 June 2025 11:28 AM IST

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടമുണ്ടായത്. ഇതിനുപിന്നാലെ ദുരന്തം പ്രവചിച്ചിരുന്നെന്ന അവകാശവാദവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. കോടീശ്വരനായ ഹർഷ് ഗോയങ്ക പങ്കുവെച്ച അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശ്രീലങ്കൻ പാസ്റ്റർ വിമാന ദുരന്തം 'പ്രവചിക്കുന്നതാണ്' 1.33 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഇന്ത്യയുടെ അഭിമാനമായ വിമാന കമ്പനി 'മിഡ് എയർ ഇഷ്യൂ' നേരിടേണ്ടിവരുമെന്നാണ് പാസ്റ്റർ രണ്ട് തവണ മുന്നറിയിപ്പ് നൽകിയത്.

2024 നവംബർ 26 നാണ് പാസ്റ്റർ ജെറോം ഫെർണണ്ടോ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. തന്റെ പരിപാടിയിൽ പങ്കെടുത്ത ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മുന്നറിയിപ്പ്. 'ഞാൻ ചിലത് കണ്ടു. നിങ്ങളുടെ ദേശീയ വിമാനക്കമ്പനി നിങ്ങളുടെ രാജ്യത്തിനുള്ളിൽ പറക്കുന്നുണ്ടായിരുന്നു. ഇത് ആകാശത്ത് ഒരു ഭീഷണിയായി. നിങ്ങൾ അത് കേൾക്കും. ഇത് ആകാശത്ത് വച്ച് പ്രശ്നമാകും,'- എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്.

ഈ വർഷം ഏപ്രിൽ ഇരുപത്തിനാലിന്, വിമാന ദുരന്തത്തിന് വെറും 49 ദിവസത്തിന് മുമ്പ് ഫെർണാണ്ടോ വീണ്ടും മുന്നറിയിപ്പ് നൽകി: 'ചുവന്ന എയർക്രാഫ്റ്റ് ബോഡി ഒഴിവാക്കുക, കാരണം ഇത് അപകടത്തിലാണ്' 'ഫെർണാണ്ടോയുടെ പ്രവചനം അവിശ്വസനീയമാണ്, അല്ലേ?' എന്ന അടിക്കുറിപ്പോടെയാണ് ഫെർണാണ്ടോയുടെ പ്രവചനം ഹർഷ് ഗോയങ്ക എക്സിൽ പങ്കുവച്ചത്.

പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ 'മിഡ് എയർ ക്രാഷ്' എന്ന പ്രവചനം തെറ്റാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. 'ടേക്ക് ഓഫിലാണ് അപകടം സംഭവിച്ചത്. ഈ വിൽസൺ സിഇഒ ആയതിനുശേഷം എയർ ഇന്ത്യ നേരിട്ട സാങ്കേതിക തകരാറുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു പ്രവചനം നടത്താൻ എളുപ്പമായിരുന്നു. 2024 ഓഗസ്റ്റിൽ 'നിയമങ്ങൾ പാലിക്കാത്തതിന്' എയർ ഇന്ത്യയ്‌ക്കെതിരെ 10 ലക്ഷം പിഴ ചുമത്തി. 2025 ഫെബ്രുവരിയിൽ, ആവശ്യമായ റെഗുലേറ്ററി ആവശ്യകതകൾ പാലിക്കാതെ ഒരു പൈലറ്റിന് വിമാനം ഓടിക്കാൻ അനുവദിച്ചതിന് വ്യോമയാന സുരക്ഷാ റെഗുലേറ്റർ ഡിജിസിഎ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി.'- ഒരാൾ കമന്റ് ചെയ്തു.