ഉഗ്രവിഷമുള്ള ശംഖുവരയനെ കഴുത്തിൽ ചുറ്റി അഭ്യാസ പ്രകടനം; നാവ് കൊണ്ട് പാമ്പിനെ സ്‌പർശിച്ചു, പിന്നെ നടന്നത്

Sunday 15 June 2025 12:02 PM IST

പാമ്പ് എന്ന് കേട്ടാൽത്തന്നെ പേടിച്ച് വിറയ്ക്കുന്ന നിരവധി പേരുണ്ട്. എന്നാൽ പാമ്പിനെ പിടികൂടി അഭ്യാസം കളിക്കുന്നവരും ഉണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ഹൈബത്പൂർ ഗൗസൈൻ ഗ്രാമത്തിലാണ്‌ സംഭവം. വെള്ളിയാഴ്ചയാണ് വിചിത്ര സംഭവമുണ്ടായത്.

ഗ്രാമവാസിയായ ജീത്തു ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി. അഭ്യാസം അവിടംകൊണ്ട് അവസാനിച്ചില്ല. ഇയാൾ നാവ് കൊണ്ട് പാമ്പിന്റെ നാവ് സ്പർശിച്ചു. ചുറ്റുമുള്ളവർ ഇതുകണ്ട് പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കഴുത്തിൽ നിന്ന് പാമ്പിനെ നീക്കം ചെയ്യാൻ ഒരാൾ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. എന്നിരുന്നാലും ഇയാൾ അഭ്യാസം തുടരുകയാണ്. ഇതിനിടയിൽ വിഷപ്പാമ്പ് ജീത്തുവിനെ കടിച്ചു. അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ നില വഷളായി. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ശംഖുവരയൻ പാമ്പാണ് ജീത്തുവിനെ കടിച്ചതെന്നാണ് സൂചന.